ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ വലിയ തകര്‍ച്ചയിലൂടെയാണ് മുന്‍ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോകുന്നത്. ഇതുവരെ കളിച്ച എട്ടുമത്സരത്തില് രണ്ടുകളിയില്‍ മാത്രമാണ് ടീം ജയിച്ചത്. വെറും അഞ്ചുപോയിന്റോടെ ടീം എട്ടാം സ്ഥാനത്താണ്. എന്നാല്‍ ടീമിന്റെ മോശം ഫോമിലും മികച്ച മുന്നേറ്റം നടത്താനുള്ള ശ്രമത്തിലാണ് കൊല്‍ക്കത്ത. അവസാനം കളിച്ച രണ്ടുകളിയിലും കൊല്‍ക്കത്തയ്ക്ക് ജയിക്കാനായി. രാജസ്ഥാന് റോയല്‍സിനെയും ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെയുമാണ് തോല്‍പ്പിച്ചത്. അതേസമയം, ടീമിന് വീണ്ടും പ്രതീക്ഷയേറ്റുകന്നതാണ് പുതിയ വാര്‍ത്ത. ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരാണ് ടീമിലേക്ക് എത്തിയെന്ന് ബൗളിങ് പരിശീലകന് ടിം സൗത്തി അറിയിച്ചു. അദ്ദേഹം പരിശീലനം തുടങ്ങിയതായും മികച്ച രീതിയിലാണ് പ്രകടനമെന്നും ടിം സൗത്തി പറഞ്ഞു.
ഈവര്‍ഷം നടന്ന ഐസിസി ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനിടെയാണ് ശ്രീലങ്കന്‍ താരമായ പതിരാണയ്ക്ക് കാലിന് പരിക്കേറ്റത്. ഇതേത്തുടര്‍ന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്നു താരം. ഐപിഎലില്‍ കൊല്‍ക്കത്തയുടെ മത്സരങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തു. കഴിഞ്ഞവര്‍ഷത്തെ ലേലത്തില്‍ 18 കോടി രൂപയ്ക്കാണ് ശ്രീലങ്കന്‍ പേസറെ കൊല്‍ക്കത്ത സ്വന്തമാക്കിയിരുന്നത്. ഞായറാഴ്ച സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് കൊല്‍ക്കത്തയുടെ അടുത്തമത്സരം. കളിയില്‍ പതിരാണ ഇറങ്ങിയേക്കുമെന്നാണ് ടീം നല്കുന്ന സൂചന. സാഹചര്യങ്ങള്‍ക്കനുസരിച്ചാകും പ്ലേയിങ് ഇലവനെ പ്രഖ്യാപിക്കുകയെന്നും പതിരാണ ടീമിലേക്കെത്താന്‍ സജ്ജമാണെന്നും ടിം സൗത്തി അറിയിച്ചു.
വരാനിരിക്കുന്ന മത്സരങ്ങളില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ടീം ലക്ഷ്യമിടുന്നില്ലെന്ന് ടിം സൗത്തി പറഞ്ഞു. ബൗളിങ് യൂണിറ്റിലെ വീഴ്ചകള്‍ പരിഹരിക്കാന്‍ ടീം ശ്രദ്ധിക്കുന്നുണ്ട്. ഇപ്രാവശ്യം ഐപിഎലില്‍ വലിയ സ്കോറുകളാണ് പിറക്കുന്നത്. ബൗളര്‍മാര്‍ വലിയ വെല്ലുവിളി നേരിടുന്നുണ്ടെന്നും എങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാനാണ് ടീമിന്റെ ശ്രമമെന്നും ടിം സൗത്തി പറയുന്നു.
content highlights: Srilankan pacer arrives at Kolkata's training camp, likely to play against Hyderabad