തുടർച്ചയായ രണ്ടാം സീസണിലും മിന്നും പ്രകടനം കാഴ്ച വെക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ അത്ഭുത ബാലൻ വൈഭവ് സൂര്യവംശി. നിലവിൽ പത്ത് മത്സരങ്ങളിൽ നിന്ന് 404 റൺസുമായി ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ നാലാമതുണ്ട് താരം.
ഇപ്പോഴിതാ 15 കാരനായ അത്ഭുത ബാലനെ കുറിച്ച് സംസാരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസവും കമന്റേറ്ററുമായ ഇയാന്‍ ബിഷപ്പ്. ജസ്പ്രിത് ബുംറ, ജോഷ് ഹേസല്‍വുഡ് തുടങ്ങിയ ലോകോത്തര ബൗളര്‍മാരുടെ പ്ലാനുകളെല്ലാം വൈഭവിനെതിരെ പരാജയപ്പെടുകയാണെന്നും ലോകത്തിലെ ഒരു ബോളർക്കും താരത്തെ തളക്കാനാവുന്നില്ലെന്നും ബിഷപ്പ് പറഞ്ഞു.
വൈഭവിനെ പുറത്താക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്ന ചോദ്യത്തിന് 'ബാക്ക് ഓഫ് ലെങ്ത്' പന്തുകള്‍ താരത്തെ അല്പം കുഴപ്പിക്കുന്നുണ്ടെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി.
'സാങ്കേതികമായി പറഞ്ഞാൽ അവന്റെ ബാറ്റ് സ്വിങ് ഒരു ബേസ്ബോൾ സ്വിങ് പോലെ സവിശേഷമാണ്. അവന്റെ ബലഹീനത കൃത്യമായി എന്താണെന്ന് പറയാൻ വളരെ ബുദ്ധിമുട്ടാണ്. ബാക്ക്-ഓഫ്-എ-ലെങ്ത് പന്തുകൾ അവനെതിരെ ഫലിച്ചിട്ടുണ്ട്, എന്നാൽ തുടക്കത്തിൽ തന്നെ ഒരു ടോപ്പ് എഡ്ജ് ലഭിച്ചില്ലെങ്കിൽ, അതേ പന്ത് ഗ്രൗണ്ടിന് പുറത്തേക്ക് പോകും. അവനെതിരെ പ്രയോഗിക്കാൻ സാധിക്കുന്ന ഒരു പ്രത്യേക പദ്ധതി ഇപ്പോൾ പറയാൻ എനിക്കറിയില്ല' ബിഷപ് കൂട്ടിച്ചേർത്തു.
അതേ സമയം ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരെ വെറും നാല് റൺസിനാണ് താരം പുറത്തായത്. കളിയിലെ രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ മനോഹരമായ ഇന്‍സ്വിങ് യോര്‍ക്കറിലൂടെയാണ് കെയ്ല്‍ ജാമിസണ് സൂര്യവംശിയെ ക്ലീന്‍ ബൗള്‍ഡാക്കിയത്. പന്ത് സൂര്യവംശിയുടെ ബാറ്റിന്റെ അറ്റത്ത് തട്ടിയ ശേഷം സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു.
വിക്കറ്റിന് പിന്നാലെ ജാമിസണ് രൂക്ഷമായ രീതിയിലാണ് സൂര്യവംശിയെ നോക്കി ആക്രോശിച്ചത്. ഈ പന്തിനു തൊട്ടുമുമ്പ് സൂര്യവംശി കെയ്ല്‍ ജാമിസണെ ഒരു ബൗണ്ടറി അടിച്ചിരുന്നു.
Content highlights: ian bishop analysis on vaibhav suryavanshi weakness ipl