സിഎസ്കെയിൽ വൻ അഴിച്ചുപണി! ടീം ഹോട്ടലിൽ നിർണായക യോഗം

2026 ഇന്ത്യൻ പ്രീമിയർ ലീഗ് പ്ലേഓഫ് ഉറപ്പിക്കാൻ ചെന്നൈ സൂപ്പർ കിംഗ്സിന് ശേഷിക്കുന്ന ആറ് മത്സരങ്ങളിൽ അഞ്ചിലും വിജയിക്കേണ്ടതുണ്ട്

2026 ഇന്ത്യൻ പ്രീമിയർ ലീഗ് പ്ലേഓഫ് ഉറപ്പിക്കാൻ ചെന്നൈ സൂപ്പർ കിംഗ്സിന് ശേഷിക്കുന്ന ആറ് മത്സരങ്ങളിൽ അഞ്ചിലും വിജയിക്കേണ്ടതുണ്ട്. അതിനിടെ കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങുകയാണ് സിഎസ്കെ ടീം മാനേജ്‌മന്റ്. ഇതേ സംബന്ധിച്ച് കഴിഞ്ഞ ദിവസം ചെന്നൈയുടെ ടീം ഹോട്ടലിൽ വച്ച് നിർണായക യോഗം നടന്നെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. യോഗത്തിൽ നായകൻ റുതുരാജ് ഗെയ്ക്‌വാദ്, പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ്, മൈക്കൽ ഹസ്സി ഒപ്പം മലയാളി താരം സഞ്ജു സാംസണും പങ്കെടുത്തെന്നാണ് വിവരം. യോഗത്തിൽ ടീം ഇപ്പോൾ നേരിടുന്ന ബാറ്റിംഗ്, ബൗളിംഗ് പ്രതിസന്ധികൾ ചർച്ചയായി.

ഫിനിഷിംഗിലേക്ക് എത്തുമ്പോൾ ടീം വലിയ പ്രയാസമാണ് നിലവിൽ നേരിടുന്നത്. അതുകൊണ്ട് തന്നെ ഇതിഹാസ താരവും ചെന്നൈയുടെ മുൻ നായകൻ കൂടിയായ എംഎസ് ധോണി കളിക്കളത്തിലേക്ക് മടങ്ങി വരുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. താരത്തിന് ഇനിയും വിശ്രമം ആവശ്യമാണോ അതോ അടുത്ത മത്സരത്തിൽ മൈതാനത്തിറങ്ങാനാകുമോ എന്ന കാര്യത്തിൽ ഗൗരവകരമായ ചർച്ചകളും യോഗത്തിൽ നടന്നിരുന്നു. ഒപ്പം, നിലവിൽ മൂന്നാം നമ്പറിൽ കളിക്കുന്ന ഉർവിൽ പട്ടേലിനെ ഓപ്പണിംഗിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനെക്കുറിച്ചും മാനേജ്‌മെന്റ് ആലോചന നടത്തുന്നുണ്ട്.

ഫിനിഷിങ് നിരയിൽ കാർത്തിക് ശർമയ്ക്ക് പകരം രാം കൃഷ്ണ ഘോഷിനെ അരങ്ങേറ്റത്തിന് അനുവദിക്കുന്നതിനെക്കുറിച്ചും ഗുർജപ്‌നീത് സിംഗ് മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും, ഡെത്ത് ഓവറുകളിൽ കൂടുതൽ നിയന്ത്രണമുള്ള ആകാശ് മധ്വാളിനെ ടീമിലെടുക്കുന്നതിനെക്കുറിച്ചും ടീം ആലോചിക്കുന്നുണ്ട് എന്നാണ് വിവരം. കൂടാതെ, ശിവം ദുബെയ്ക്ക് പകരമായി ബാറ്റിംഗിനൊപ്പം സ്പിൻ ബോളിംഗ് ഓപ്ഷൻ കൂടിയായ പ്രശാന്ത് വീറിനെ പരീക്ഷിക്കാനും സാധ്യതകൽ ഏറെയാണ്.

ഇന്ന് ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ നേരിടാനൊരുങ്ങുന്ന ചെന്നൈ സൂപ്പർ കിംഗ്സിൽ വലിയ മാറ്റങ്ങൾ തന്നെ വേണമെന്നിരിക്കെ ഈ കൂടിക്കാഴ്ചക്ക് വളരെ പ്രാധാന്യമുണ്ട്. മുംബൈയ്ക്കെതിരെ വാംഖഡെയിൽ മികച്ച രീതിയിലായിരുന്നു ചെന്നൈ പ്രകടനം നടത്തിയത്. ബാറ്റിങ്ങും ബൗളിങ്ങും ഒരുപോലെ തിളങ്ങിയ ആ മത്സരത്തിൽ 103 റൺസിന്റെ കൂറ്റൻ വിജയമായിരുന്നു സിഎസ്കെ സ്വന്തമാക്കിയത്.

Content highlight: CSK team crucial meeting and planning a squad reshuffle

To advertise here,contact us