'ഹോൾഡർക്ക് പന്തിൽ നിയന്ത്രണമുണ്ടായിരുന്നുവെങ്കിൽ ആ തീരുമാനം ശരിയാണ്'; വിവാദ ക്യാച്ചിൽ സെവാഗ്

ആർസിബി നായകന്റെ വിക്കറ്റ് അംപയർ ശരിവച്ച തീരുമാനത്തിനോട് യോജിക്കുന്നതാണ് സെവാഗിന്റെ പക്ഷം

കഴിഞ്ഞ ദിവസം ഇന്ത്യൻ പ്രീമിയർ ലീഗിൽ നടന്ന ഗുജറാത്ത് ടൈറ്റൻസ് - റോയൽ ചലഞ്ചേഴ്സ് ബംഗളൂരു മത്സരത്തിലെ ആർസിബി നായകൻ രജത് പാട്ടിദാറിന്റെ വിക്കറ്റ് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പാട്ടിദാറിന്റെ വിക്കറ്റ് എടുക്കവെ പന്ത് നിലത്ത് തൊട്ടോ എന്ന സംശയം ആരാധകർക്കിടയിൽ നിലനിൽക്കെ, വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ മുൻ ഇതിഹാസ ഓപണർ വീരേന്ദർ സെവാഗ്. ആർസിബി നായകന്റെ വിക്കറ്റ് അംപയർ ശരിവച്ച തീരുമാനത്തിനോട് യോജിക്കുന്നതാണ് സെവാഗിന്റെ പക്ഷം.

'അംപയർ ആ ക്യാച്ച് ഔട്ട് വിധിച്ചു. അതുകൊണ്ട് തന്നെ അത് സാധുവായ ഒരു തീരുമാനമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം ഗുജറാത്ത് താരം പന്ത് പിടിച്ചപ്പോൾ അത് ശരിയായ രീതിയിലായിരുന്നു. പന്ത് പിടിച്ചതിന് ശേഷം താഴെ വീഴുമ്പോൾ പന്ത് നിലത്ത് തട്ടിയതായി തോന്നിയിട്ടുണ്ടാകാം, അത്തരം കാര്യങ്ങൾ പല ഫീൽഡർമാരുടെ കാര്യത്തിലും സംഭവിക്കാറുണ്ട്. പന്ത് പിന്നീട് നിലത്ത് തട്ടിയതായി തോന്നിയെങ്കിലും, പന്തിൽ ഫീൽഡർക്ക് പൂർണ്ണ നിയന്ത്രണമുണ്ടായിരിക്കണം എന്നതാണ് ഏറ്റവും പ്രധാനം. അയാൾക്ക് പന്തിൽ നിയന്ത്രണമുണ്ടായിരുന്നുവെങ്കിൽ ആ തീരുമാനം ശരി തന്നെയാണ്', ക്രിക്ബസിനോട് സംസാരിക്കുന്നതിനിടെ ഇന്ത്യൻ മുൻ ഇതിഹാസ ഓപണർ സെവാഗ് വ്യക്തമാക്കി.

റോയൽ ചലഞ്ചേഴ്സ് ബെം​ഗളുരു നായകൻ രജത് പാട്ടിദാറിനെ പുറത്താക്കാൻ ജേസൺ ഹോൾഡർ എടുത്ത ക്യാച്ചാണ് പുതിയ വിവാദങ്ങൾക്ക് വഴിവച്ചത്. തനിക്ക് നേരെ വന്ന പന്ത് ഫൈൻ ലെ​ഗിലേക്ക് ഉയർത്തി അടിച്ച പാട്ടിദാർ അതിന്റെ ഹൈറ്റ് കാരണം ഔട്ടാകുമെന്ന് ഉറപ്പിച്ചതാണ്. ഉയർന്ന പൊങ്ങിയ പന്ത് നേരെ ഹോൾഡറിന്റെ കരങ്ങളിൽ ഭദ്രമാവുകയും ചെയ്തു. എന്നാൽ ക്യാച്ചെടുക്കുന്നതിനിടെ നിലത്തുവീണ ഫീൽഡർ പന്ത് ​ഗ്രൗണ്ടിൽ കുത്തിയാണ് എഴുന്നേറ്റത്. പന്ത് നിലത്ത് തോറ്റതോടെ അത് വിക്കറ്റ് അല്ല എന്ന ആരാധകരും ആർസിബി താരങ്ങളും വാദമുയർത്തുകയായിരുന്നു. മത്സരത്തിൽ നാല് വിക്കറ്റിന് ഗുജറാത്ത് ബെംഗളുരുവിനെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.

2026 ഐപിഎൽ സീസണിൽ ഒൻപത് മത്സരങ്ങൾ കളിച്ച ബെംഗളൂരുവിന് ആറ് ജയവും മൂന്ന് തോൽവികളുമാണ് ഉള്ളത്. പന്ത്രണ്ട് പോയിന്റുള്ള ആർസിബി നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഗുജറാത്ത് ടൈറ്റൻസാകട്ടെ ഒൻപത് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവും നാല് തോൽവിയും അടക്കം പത്ത് പോയിന്റോടെ അഞ്ചാം സ്ഥാനത്താണ്.

Content highlight: Virendar Sehwag on Jason Holder controversial catch

To advertise here,contact us