റെക്കോഡുകളുടെ മത്സര ഇനമാണ് ക്രിക്കറ്റ് എന്നത് പലരും പറയുന്ന കാര്യമാണ്. ഓരോ റണ്ണിലും ബോളിലും ക്യാച്ചിലുമെല്ലാം റെക്കോഡുകളാണ് താരങ്ങളെത്തേടിയെത്താറുള്ളത്. ബാറ്റ് വീശുമ്പോള്‍ ടീമിന്റെ ജയത്തോടൊപ്പം റെക്കോഡുകള്‍ തകര്‍ക്കാനുമാണ് താരങ്ങളുടെ ശ്രമം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലും റെക്കോഡ് സാധാരണമാണ്. ഓരോ മത്സരത്തിലും റെക്കോഡുകള്‍ ഭേദിച്ചാണ് താരങ്ങളുടെ പ്രകടനം. ഐപിഎലിന്റെ ഒരുപതിപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ ഇന്ത്യന്‍ ബാറ്റ്സ്മാന് എന്ന നേട്ടമാണ് രാജസ്ഥാന് റോയല്‍സിന്റെ വണ്ടര്‍ കിഡിനെ കാത്തിരിക്കുന്നത്. അഭിഷേക് ശര്‍മയുടെ 'സിക്സര്‍' റെക്കോഡ് മറികടക്കാന്‍ താരത്തിന് ഇനി വേണ്ടത് ആറുസിക്സറുകള്കൂടി മാത്രം. ഇന്ന് ജയ്പൂരില്നടക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ വൈഭവ് സൂര്യവംശിക്ക് റെക്കോഡ് തിരുത്താനാകുമോ എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്.
2024 എഡിഷനിലാണ് അഭിഷേക് ശര്‍മ, 42 സിക്സറുകള്‍ നേടി ഐപിഎലിന്റെ ഒരുപതിപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ ഇന്ത്യക്കാരനെന്ന റെക്കോഡിട്ടത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനുവേണ്ടിയായിരുന്നു നേട്ടം. രണ്ടാംസ്ഥാനത്തുള്ളത് വിരാട് കോഹ്ലിയാണ്. 38 സിക്സറുകളാണ് 2016, 2024 എഡിഷനുകളില്‍ താരം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി നേടിയത്. ഇതില്‍ മൂന്നാം സ്ഥാനത്താണ് വൈഭവ് സൂര്യവംശിയുള്ളത്. ഈ സീസണില്‍ ഇതുവരെ 37 സിക്സറുകളാണ് താരത്തിന്റെ സമ്പാദ്യം. രാജസ്ഥാനൊപ്പം മത്സരങ്ങള്‍ ഇനിയും ശേഷിക്കെ വൈഭവിന് പുതിയ റെക്കോഡിടാന്‍ കഴിയുമെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ വിശ്വാസം.
2024 സീസണില്‍ അഭിഷേക് ശര്‍മയുടേത് മികച്ച പ്രകനമായിരുന്നു. 42 സിക്സറുകളോടൊപ്പം 36 ഫോറുകളും അദ്ദേഹം കരസ്ഥമാക്കിയിരുന്നു. 484 റണ്‍സും അതേസീസണില് സ്വന്തമാക്കി. സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളില്‍ പത്താം സ്ഥാനത്തായിരുന്നു അഭിഷേക് ശര്‍മ എത്തിയത്. വിരാട് കോഹ്ലിക്കായിരുന്നു ആവര്‍ഷം ഓറഞ്ച് ക്യാപ്. 741 റണ്‍സാണ് താരം നേടിയത്. ഈ സീസണിലും ഓറഞ്ച് ക്യാപിനായി കടുത്ത പോരാട്ടമാണ് നടക്കുന്നത്. അഭിഷേക് ശര്‍മ, ഹെന്റിച്ച് ക്ലാസന്, വൈഭവ് സൂര്യവംശി, വിരാട് കോഹ്ലി, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ഓറഞ്ച് ക്യാപിനുള്ള ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ളത്.
content highlights: The 'Wonder Kid' is just six sixes away from Abhishek's record