രാജസ്ഥാന് റോയല്‍സിന്റെ അത്ഭുത ബാലൻ വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗാവസ്കര്‍. വൈഭവ് ബാറ്റു ചെയ്യുമ്പോൾ ബൗണ്ടറി ലൈനില്‍ പത്തുപേരെ നിര്‍ത്തിയാലും തികയില്ലെന്നും അത്രയും മികച്ച ഷോട്ടുകളാണ് പതിനഞ്ചുകാരന് കളിക്കുന്നതെന്നും ഗാവസ്കര്‍ പറഞ്ഞു.
'ഒട്ടും ഭയമില്ലാതെയാണ് വൈഭവ് ബാറ്റ് ചെയ്യുന്നത്. ബോളർ ആരാണെന്ന ഒരു കൂസലുമില്ല, ഇന്ത്യയ്ക്ക് ഒരു പുതിയ ഇതിഹാസത്തെ ഉടൻ ടീമിൽ കാണാമെന്നും ഗാവസ്കര്‍ പറഞ്ഞു. നേരത്തെ, ചേതേശ്വര്‍ പൂജാരയും വൈഭവിനെ കുറിച്ച് സംസാരിച്ചിരുന്നു.
'വൈഭവ് സൂര്യവന്‍ഷി ബാറ്റ് ചെയ്യുന്നത് കാണുന്നത് ഒരു സിനിമ കാണുന്നത് പോലെയാണ്. ഭയമില്ലാതെ ബൗളര്‍മാരെ നേരിടുന്ന രീതി അത്ഭുതകരമാണ്. പന്ത് നോക്കുന്നു, അത് അടിച്ചുപറത്തുന്നു. അവന് ആക്രമിക്കുമെന്ന് എതിരാളികള്‍ക്ക് അറിയാമെങ്കില്‍ പോലും അത് തടയാന്‍ അവര്‍ക്ക് കഴിയുന്നില്ല എന്നതാണ് ശ്രദ്ധേയം.' പുജാര പറഞ്ഞു.
പഞ്ചാബിനെതിരെ 16 പന്തില്‍ 43 റണ്‍സെടുത്ത വൈഭവിന്റെ ബാറ്റിംഗ് പ്രകടനത്തിന് പിന്നാലെയാണ് ഗാവസ്കറുടെ പ്രശംസ. മൂന്ന് ഫോറും അഞ്ച് സിക്സും അടങ്ങിയതായിരുന്നു വൈഭവിന്റെ ഇന്നിംഗ്സ്.
സീസണില്‍ 400 റണ്‍സ് നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും വൈഭവ് സ്വന്തമാക്കിയിരുന്നു. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറിയും ഉള്‍പ്പെട്ടതാണ് വൈഭവിന്റെ റണ്‍വേട്ട.
ഇന്ന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് വൈഭവിന്റെ അടുത്ത മത്സരം. ഓറഞ്ച് ക്യാപിൽ നിലവിൽ 425 റൺസുള്ള അഭിഷേക് ശർമയ്ക്കും 414 റൺസുള്ള ഹെൻഡ്രിച്ച് ക്ളാസനും പിന്നിലുള്ള വൈഭവിന് ഇന്ന് ഒന്നാം സ്ഥാനത്തെത്താൻ സൗകര്യമുണ്ട്.
Content highlights: sunil gavaskar praises vaibhav suryavanshi youngest ipl player rajasthan royals