ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രാജസ്ഥാന് റോയല്‍സ് - ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടം. അവസാന മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട ഡൽഹി ക്യാപിറ്റൽസ് വിജയവഴിയിലേക്ക് തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെയായിരിക്കും ജയ്പൂരില്‍ ഇറങ്ങുന്നത്. വൈകിട്ട് ഏഴരയ്ക്ക് ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിലാണ് കളി അരങ്ങേറുക.
ഡൽഹി ഈ സീസണിൽ അവസാനം ഏറ്റുമുട്ടിയത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയായിരുന്നു. അന്ന് ഡിസി ആർസിബിക്ക് മുന്നിൽ തകര്‍ന്നടിഞ്ഞത് വെറും 75 റണ്‍സിനായിരുന്നു. പതിനേഴാം ഓവറിൽ 75 റൺസിന് ഡൽഹി താരങ്ങളെ ബെംഗളൂരു ഓൾഔട്ട് ആക്കുകയായിരുന്നു. അന്ന് മൂന്ന് പേർക്ക് മാത്രമായിരുന്നു രണ്ടക്കം കടക്കാനായത്. അന്നത്തെ തോൽവിയുടെ ആഘാതത്തില്‍ നിന്ന് കരകയറുകയാണ് ഡൽഹിക്ക് വെല്ലുവിളി. ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് സീസണില്‍ ആദ്യമായി ഇലവനിലെത്തുന്നത് ഡിസിക്ക് ആശ്വാസം തന്നെയാണ്.
വൈഭവ് സൂര്യവന്‍ഷി, യശസ്വീ ജയ്സ്വാള്‍ ഓപ്പണിംഗ് കൂട്ടുകെട്ടിലാണ് രാജസ്ഥാന് റോയല്‍സിന്റെ പ്രതീക്ഷ. ഇരുവർക്കും മത്സരത്തിൽ താളം കണ്ടെത്തിയാല്‍ ഡല്‍ഹി ബൗളര്‍മാര്‍ കാഴ്ചക്കാരാകുമെന്നത് ഉറപ്പാണ്. മധ്യനിരയില്‍ ആർആർ നായകന് റിയാന്‍ പരാഗിന്റെയും ഷിമ്രോണ്‍ ഹെറ്റ്മെയറിന്റേയും റണ്‍വരള്‍ച്ച തുടരുന്നത് രാജസ്ഥാനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് മികവും ജോഫ്ര ആര്‍ച്ചറുടെ വേഗപ്പന്തുകളും മത്സരത്തിൽ നിര്‍ണായകമാകും. ഇരുടീമുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോൾ ജയം ഒപ്പത്തിനൊപ്പം. മുപ്പത് മത്സരങ്ങളിൽ നിന്ന് രാജസ്ഥാനും ഡല്‍ഹിക്കും പതിനഞ്ച് വീതം ജയമാണുള്ളത്.
എട്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും അഞ്ച് തോൽവിയുമാണ് ഡൽഹിയുടെ സമ്പാദ്യം. അവസാന കളിച്ച മൂന്ന് മത്സരത്തില്‍ തുടരെ പരാജയപ്പെടുകയും ചെയ്തു. ആറ് പോയിന്റ് മാത്രമുള്ള ഡൽഹി നിലവിൽ ഏഴാം സ്ഥാനത്താണ്. അതേസമയം ഒൻപത് മത്സരങ്ങളിൽ നിന്നായി ആറ് ജയവും മൂന്ന് തോൽവിയുമാണ് രാജസ്ഥാൻ റോയൽസിനുള്ളത്. പന്ത്രണ്ട് പോയിന്റോടെ നാലാം സ്ഥാനത്താണ് നിലവിൽ ആർആർ.
Content highlight: IPL 2026: Rajasthan Royals vs Delhi Capitals matchday