2027ലെ ഏകദിന ലോകകപ്പിനായി ഹെന്റിച്ച് ക്ലാസനെ ദക്ഷിണാഫ്രിക്കന്‍ കുപ്പായത്തിലേക്ക് തിരികെ വിളിക്കണമെന്ന് കെവിന് പീറ്റേഴ്സണ് അടക്കമുള്ള മുന്‍ താരങ്ങള്‍ ആവശ്യപ്പെടുന്നതിനിടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ താൻ ആഗ്രഹിക്കുന്നിലെന്ന വെളിപ്പെടുത്തലുമായി ക്ലാസൻ രംഗത്ത്. നിലവിൽ ട്വന്റി20 ലീഗുകളില്‍ സജീവമായ ക്ലാസന്, യൂറോപ്യന്‍ ടി20 പ്രീമിയര്‍ ലീഗിലെ റോട്ടര്‍ഡാം ഫ്രാഞ്ചൈസിയുടെ സഹ ഉടമ കൂടിയാണ്.
'നിര്‍ഭാഗ്യവശാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ക്രിക്കറ്റ് എന്ന കായിക വിനോദത്തെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേക്ക് കടന്നിരിക്കുകയാണ് ഞാന്‍. ഇപ്പോൾ റോട്ടര്‍ഡാം ടീമുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. പ്രത്യേക രഹസ്യങ്ങളൊന്നുമില്ല, ആത്മവിശ്വാസമാണ് പ്രധാനം. എന്റെ ടീം പാര്‍ട്ണറായ ഫാഫ് ഡു പ്ലെസിസ് പ്രായം കൂടുന്തോറും കൂടുതല്‍ കരുത്തനാവുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ലോകമെമ്പാടുമുള്ള ലീഗുകളില്‍ അദ്ദേഹം ആധിപത്യം പുലര്‍ത്തുന്നു', ക്ലാസന് വ്യക്തമാക്കി.
നിലവിൽ 2026 ഐപിഎല്‍ സീസണിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി മിന്നും പ്രകടനമാണ് ക്ലാസന് കാഴ്ച്ചവയ്ക്കുന്നത്. ഒൻപത് മത്സരങ്ങളില്‍ നിന്ന് നാല് അർധസെഞ്ചുറികളടക്കം 414 റണ്‍സുമായി ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ അദ്ദേഹം രണ്ടാം സ്ഥാനത്തുമുണ്ട്. 18 സിക്സറുകളും 32 ബൗണ്ടറികളുമാണ് താരത്തിന്റെ അക്കൗണ്ടിൽ ഉള്ളത്. വിരമിക്കലിന് ശേഷവും ഈ ഫോം നിലനിര്‍ത്തുന്നതിന്റെ രഹസ്യം എന്താണെന്ന ചോദ്യത്തിന് മൈതാനത്തിന് പുറത്തുള്ള തയ്യാറെടുപ്പുകളും ശാരീരികക്ഷമതയുമാണ് പ്രധാനമാണെന്നും, ഒരു ടൂര്‍ണമെന്റിന് മുന്‍പ് മാനസികമായി പുതുമയോടെ എത്താന്‍ സാധിക്കുന്നത് വലിയ ഗുണമാണെന്നും ക്ലാസന് പറഞ്ഞു.
Content highlight: Heinrich Klaasen not returning to international cricket