ഫിഫ വേദിയില്‍ ഇസ്രയേലിനെതിരെ പലസ്തീന്റെ പരസ്യപ്രതിഷേധം; ഹസ്തദാനം നല്‍കിയില്ല

വാന്‍കൂവറില്‍ നടന്ന 76-ാമത് ഫിഫ കോണ്‍ഗ്രസിനിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്

ഫിഫയുടെ മീറ്റിങ് വേദിയിലും പലസ്തീന്‍-ഇസ്രയേല്‍ വിവാദം. ഇസ്രയേലിനെതിരെ പരസ്യപ്രതിഷേധവുമായി പലസ്തീന്‍ രംഗത്തെത്തിയതാണ് ലോക ശ്രദ്ധയായത്. ഇസ്രയേല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ബാസിം ഷെയ്ഖ് സുലൈമാന് ഹസ്തദാനം നല്‍കാന്‍ വിസമ്മതിച്ച് പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മേധാവി ജിബ്രില്‍ റജൂബ് വേദിയില്‍നിന്ന് ഇറങ്ങിപ്പോയതോടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. വാന്‍കൂവറില്‍ നടന്ന 76-ാമത് ഫിഫ കോണ്‍ഗ്രസിനിടെയാണ് സംഭവം. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ, വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അടുത്ത വര്‍ഷം നടക്കുന്ന ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുന്നതിന് തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഫിഫയിലെ പ്രതിനിധികളുമായി ഫോട്ടോ സെഷന്‍ നടത്താന്‍ ആഗ്രഹിക്കുന്നതായി ഇന്‍ഫന്റീനോ പറഞ്ഞു. ഇതോടെയാണ് പലസ്തീന്‍ പ്രതിനിധി രംഗത്തെത്തിയത്. ഇസ്രയേല്‍ പ്രതിനിധിക്കൊപ്പം ഫോട്ടോയെടുക്കാനും ഹസ്തദാനം നടത്താനും പലസ്തീന്‍ പ്രതിനിധി വിസമ്മതിച്ചു. ഫാഷിസവും വംശഹത്യയും വെള്ളപൂശുന്ന ഒരാള്‍ക്ക് കൈകൊടുക്കാന്‍ എനിക്ക് കഴിയില്ലെന്നും ഞങ്ങള്‍ ഇസ്രയേല്‍ ക്രൂരത അനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവവികാസങ്ങള്‍ക്കിടെയും ഇന്‍ഫന്റീനോ തന്റെ സ്ഥാനര്‍ഥിത്വം പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ സ്ഥാനാര്‍ഥിയാകുമെന്നും പിന്തുണ വേണമെന്നുമായിരുന്നു ആഹ്വാനം. ഇതുവരെ നല്‍കിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഫിഫ സമാധാന സമ്മാനം ഏര്‍പ്പെടുത്തുകയും അത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നല്‍കുകയും ചെയ്തതിലൂടെ ഇന്‍ഫന്റീനോ വിമര്‍ശനമേറ്റുവാങ്ങിയിരുന്നു.

ഇസ്രയേല്‍ പ്രതിനിധി ഷെയ്ഖ് സുലൈമാനുമായുള്ള ഫോട്ടോ സെഷനും ഹസ്തദാനവും പലസ്തീന്‍ പ്രതിനിധി ജിബ്രില്‍ റജൂബ് നിരസിച്ചതിന് ശേഷം വേദിയിലേക്ക് തിരിച്ചെത്തിയ ഇന്‍ഫന്റീനോയുടെ പ്രസ്താവന ഇങ്ങനെയായിരുന്നു; 'പ്രസിഡന്റ് റജൂബ്, വൈസ് പ്രസിഡന്റ് സുലൈമാന്‍, നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. പലസ്തീനിലെ കുട്ടികള്‍ക്ക് പ്രതീക്ഷ നല്‍കാന്‍ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം'. വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ സെറ്റില്‍മെന്റുകളിലുള്ള ക്ലബ്ബുകളെ ഇസ്രയേല്‍ ലീഗുകളില്‍ കളിക്കാന്‍ അനുവദിക്കുന്നതിനെതിരെ പലസ്തീന്‍ നേരത്തെ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നടപടിയെടുക്കാന്‍ ഫിഫ വിസമ്മതിച്ചതിനെത്തുടര്‍ന്ന് പിഎഫ്എ കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

content highlights: Palestine’s protest against Israel at FIFA event; refuses handshake on stage

To advertise here,contact us