രാജസ്ഥാന്‍ റോയല്‍സിനെതിരെ മൂന്നുവിക്കറ്റ്; ഐപിഎലില്‍ ഒന്നാം സ്ഥാനം കൈവിടാതെ ഇന്ത്യന്‍താരം

രാജസ്ഥാനെതിരായ മത്സരത്തില്‍ നാലോവറില്‍ 36 റണ്‍സ് വഴങ്ങിയാണ് താരത്തിന്റെ നേട്ടം, വിക്കറ്റ് നേട്ടത്തില്‍ ആദ്യരണ്ടു സ്ഥാനങ്ങളിലും ഇന്ത്യന്‍താരങ്ങള്‍

യുസ് വേന്ദ്ര ചഹലിന്റെ റെക്കോഡ് കഴിഞ്ഞ കുറേക്കാലമായി തുടരുകയാണ്. കഴിഞ്ഞദിവസം രാജസ്ഥാനെതിരെ മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആ റെക്കോഡ് ഒന്നുകൂടി ഉറപ്പിച്ചാണ് ചഹല്‍ മുന്നേറ്റം നടത്തിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരമെന്ന നേട്ടമാണ് യുസ് വേന്ദ്ര ചഹലിന്റെ പേരിലുള്ളത്. 228 വിക്കറ്റാണ് ഇതുവരെയായി താരത്തിന്റെ പേരിലുള്ളത്. മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്കെല്ലാമായി കളിച്ചാണ് താരം നേട്ടത്തിലെത്തിയത്.

2013-ലാരംഭിച്ച കരിയറില്‍ ഇതുവരെ 182 മത്സരങ്ങളില്‍ പങ്കെടുത്തു. അതില്‍ 179 ഇന്നിങ്‌സിലും കളിച്ച ചഹല്‍ 228 വിക്കറ്റാണ് വീഴ്ത്തിയത്. ഇതുവരെയായി 656.5 ഓവറാണ് ഐപിഎലില്‍ എറിഞ്ഞിട്ടത്. കൃത്യമായി പറഞ്ഞാല്‍ 3941 പന്തുകള്‍. 40 റണ്‍സിന് അഞ്ചുവിക്കറ്റ് നേടിയ പ്രകടനമാണ് താരത്തിന്റെ മികച്ച നേട്ടം. എട്ടുതവണ നാലുവിക്കറ്റും ഒരുതവണ അഞ്ചുവിക്കറ്റും കരസ്ഥമാക്കിയിട്ടുണ്ട് ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ട ചഹല്‍.

പട്ടികയില്‍ രണ്ടാമതുള്ളത് ഭുവനേശ്വര്‍ കുമാറാണ്. 2011 മുതല്‍ ഐപിഎലിലുള്ള താരം ഇതുവരെ കളിച്ചത് 198 മത്സരങ്ങള്‍. പുണൈ വാരിയേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്കുവേണ്ടി കളിച്ച താരം 212 വിക്കറ്റാണ് ഇതുവരെ നേടിയത്. ആദ്യരണ്ടു സ്ഥാനങ്ങളിലും ഇന്ത്യക്കാരാണെങ്കില്‍ മൂന്നാമതുള്ളത് വെസ്റ്റ് ഇന്‍ഡീസ് താരം സുനില്‍ നരെയ്‌നാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി 2012 മുതല്‍ കളിക്കുന്ന താരം ഇതുവരെ നേടിയത് 199 വിക്കറ്റുകള്‍. 194 ഇന്നിങ്‌സുകളില്‍നിന്നാണ് താരത്തിന്റെ നേട്ടം.

ഹരിയാനയിലെ ജിന്‍ഡ് സ്വദേശിയായ ചഹല്‍ കളിക്കളത്തിലും പുറത്തും ആരാധക ഹൃദയം കവര്‍ന്ന താരം കൂടിയാണ്. ഈ ഐപിഎലില്‍ ഗുജറാത്തിനെതിരെ 28 റണ്‍സ് വഴങ്ങി രണ്ടുവിക്കറ്റെടുത്ത താരം ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയും ഒരുവിക്കറ്റ് നേടി. ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ക്കെതിരെ വിക്കറ്റെടുത്തില്ല. ഇന്ത്യന്‍ ടീമിനുവേണ്ടി ഏകദിന ക്രിക്കറ്റില്‍ 2023 ജനുവരിയില്‍ ന്യൂസീലന്‍ഡിനെതിരെയാണ് അവസാനം കളിച്ചത്. ടി 20 ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 2023 ഓഗസ്റ്റിലായിരുന്നു അവസാനം കളിച്ചത്. അതേസമയം ആഭ്യന്തര ക്രിക്കറ്റില്‍ ഹരിയാനയ്ക്കുവേണ്ടി താരം കളിതുടരുന്നുണ്ട്.

content highlights: Three wickets against Rajasthan Royals: Indian player retains top spot in IPL

To advertise here,contact us