'ഇനിയും സഹിക്കാൻ വയ്യ, നേരിടുന്നത് കടുത്ത മാനസികപീഡനം'; കോച്ചിനെതിരെ ​നീരജ് ചോപ്രയും സുമിത് ആന്റിലും

മാനസിക പീഡനത്തിനും അധിക്ഷേപത്തിനുമെതിരെയാണ് താരം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് പരാതി നൽകിയിരിക്കുന്നത്.

ജാവലിൻ ത്രോ പരിശീലകനും ദ്രോണാചാര്യ അവാർഡ് ജേതാവുമായ നവൽ സിംഗിനെതിരെ പാരാലിംപിക്സ് സ്വർണ മെഡൽ ജേതാവും ജാവലിൻ ത്രോ താരവുമായ സുമിത് ആന്റിൽ. മാനസിക പീഡനത്തിനും അധിക്ഷേപത്തിനുമെതിരെയാണ് താരം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് പരാതി നൽകിയിരിക്കുന്നത്.

ഒളിംപിക് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയുടെ പിന്തുണയും ആന്റിലിനുണ്ട്. പരിശീലകന്റെ പെരുമാറ്റം കായിക താരങ്ങൾക്ക് ദോഷകരമാണെന്ന് ഇരുവരും ഒരുപോലെ ആരോപിക്കുന്നു.

'നവൽ സിംഗ് ഞങ്ങളെ മാനസികമായി പീഡിപ്പിക്കുകയും എന്റെയും നീരജിന്റെയും കുടുംബങ്ങളെ അധിക്ഷേപിക്കുകയും ചെയ്തു. അദ്ദേഹത്തിന് മാനസികമായി എന്തോ പ്രശ്നമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അധിക്ഷേപങ്ങൾ റെക്കോർഡ് ചെയ്ത് മനഃപൂർവം ഞങ്ങളുടെ മാനേജർമാർക്ക് അദ്ദേഹം അയച്ച് കൊടുക്കുമായിരുന്നു. അത് ഞങ്ങളിലേക്ക് എത്തുമെന്ന് ഉറപ്പാക്കാൻ വേണ്ടിയായിരുന്നു അങ്ങനെ ചെയ്തിരുന്നത്', ആന്റിൽ പിടിഐയോട് വ്യക്തമാക്കി.

2020 ടോക്യോ, 2024 പാരിസ് പാരാലിംപിക്സുകളിലെ സ്വർണ മെഡൽ ജേതാവാണ് സുമിത് ആന്റിൽ. 2028ലെ ലോസഞ്ചൽസ് പാരാലിംപിക്സിൽ F64 വിഭാഗത്തിൽ ഇന്ത്യയുടെ പ്രധാന മെഡൽ പ്രതീക്ഷകളിലൊരാൾ കൂടിയായ താരം, സാഹചര്യങ്ങൾ മോശമായതിനെത്തുടർന്ന് അധികാരികൾക്ക് ഔദ്യോഗികമായി പരാതി നൽകാൻ നിർബന്ധിതനാവുകയായിരുന്നു.

താരത്തിൽ നിന്ന് പരാതി ലഭിച്ചതായും വിഷയം ബന്ധപ്പെട്ട ഫെഡറേഷന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും സായ് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ, നവൽ സിംഗ് തങ്ങളുടെ കീഴിൽ വരുന്ന കോച്ചല്ലെന്നും അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ നടത്തുന്ന ദേശീയ കോച്ചിങ് ക്യാമ്പിന്റെ ഭാഗമാണ് എന്നുമാണ് സായ് വിശദീകരിക്കുന്നത്. നീരജ് ചോപ്രയ്ക്ക് പിറമെ സഹ പാരാ ജാവലിൻ താരങ്ങളായ നവ്ദീപ് സിംഗും സന്ദീപ് ചൗധരിയും പിന്തുണ നൽകിയിട്ടുണ്ടെന്ന് ആന്റിൽ കൂട്ടിച്ചേർത്തു.

'വളരെക്കാലം ഞങ്ങൾ ഇത് അവഗണിച്ചു. എന്നാൽ സഹിക്കാവുന്നതിലും അപ്പുറമായതോടെയാണ് പരാതിപ്പെടാൻ തീരുമാനം എടുത്തത്. ഞാൻ പരാതി നൽകി, അതിൽ നീരജ് ഭായിയും നവ്ദീപും സന്ദീപും ഒപ്പിട്ടു.' എന്നാൽ, പരാതിക്ക് പിന്നാലെ സായ് വിഷയം ചർച്ച ചെയ്ത് പരിഹരിക്കാനുള്ള ശ്രമം നടത്തിയതിൽ ആന്റിൽ ചോദ്യം ഉന്നയിച്ച് രംഗത്തെത്തി. 'ഞങ്ങളെപ്പോലെയുള്ള പ്രശസ്തരായ താരങ്ങളുടെ പരാതി പോലും കേൾക്കുന്നില്ലെങ്കിൽ മറ്റുള്ളവർക്ക് എന്ത് പ്രതീക്ഷിക്കാൻ കഴിയും?', താരം കുറ്റപ്പെടുത്തി.

Content highlights:neeraj chopra sumit antil allege mental harassment against coach

To advertise here,contact us