ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെന്ന നിലയിൽ ഇതിനോടകം കെെയടി നേടാൻ ഗൗതം ഗംഭീറിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ കിരീടം ചൂടിച്ച ഗംഭീർ ടി20 ലോകകപ്പിലും ഇന്ത്യയെ ചാമ്പ്യന്മാരാക്കിയിരിക്കുകയാണ്. ടി 20 ഫോർമാറ്റിൽ നടന്ന ഏഷ്യ കപ്പും നേടി. ടെസ്റ്റിലും ഏകദിനത്തിലും ഗംഭീറിന് കീഴിൽ ഇന്ത്യ പിന്നോട്ട് പോകുമ്പോഴും ടി20യിൽ ഗംഭീറിന്റെ തന്ത്രങ്ങൾ മാസ്മരികമാണെന്ന് തന്നെ പറയാം.
ഐപിഎല്ലിൽ കൊൽക്കത്ത നെെറ്റ് റെെഡേഴ്സിന്റെ ക്യാപ്റ്റനായി രണ്ട് കിരീടങ്ങൾ നേടിക്കൊടുത്ത ഗംഭീറിന്റെ മാസ്മരിക ബുദ്ധി ഇപ്പോൾ പരിശീലക റോളിലേക്ക് എത്തിയപ്പോഴും തിളങ്ങി നിൽക്കുന്നു. നിലവിലെ ഗൗതം ഗംഭീറിന്റെ ഇന്ത്യൻ ടീമിലെ കരാർ 2027ലെ ഏകദിന ലോകകപ്പ് വരെയാണ്. എന്നാൽ ഇപ്പോഴിതാ നിർണ്ണായക നീക്കത്തിന് തയ്യാറെടുക്കുകയാണ് ഗംഭീർ.
വരുന്ന ഏകദിന ലോകകപ്പ് വരെയല്ല 2028ലെ ടി20 ലോകകപ്പ് വരെ പരിശീലകസ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്നാണ് ഗംഭീർ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ബിസിസി ഐ ഇത് അംഗീകരിച്ച് കൊടുക്കാനും സാധ്യതകളേറെയാണ്. ടി20 ലോകകപ്പ് കിരീടം നേടിക്കൊടുക്കാൻ സാധിച്ചത് ഗംഭീറിന് നിർണ്ണായകമായി.
അതുകൊണ്ടു തന്നെ ഗംഭീർ ഇത്തരമൊരു ആവശ്യം മുന്നോട്ട് വെക്കുമ്പോൾ ബിസിസി ഐ ഇതിന് പിന്തുണ നൽകിയേക്കും. എന്നാൽ ഗംഭീറിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് പറയാം. ഇനി ഏകദിന ലോകകപ്പാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഗംഭീർ പരിശീലകനായ ശേഷം ഇന്ത്യയുടെ ഏകദിനത്തിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ശുഭ്മാൻ ഗില്ലിന് കീഴിൽ കാര്യമായ മുന്നേറ്റം ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീം നടത്തുന്നില്ല.
വരുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യയെ ഫെെനലിലെത്തിക്കാനെങ്കിലും ഗംഭീറിന് സാധിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഗംഭീറുമായി മുന്നോട്ട് പോകുന്ന കാര്യം ബിസിസി ഐ പുനർചിന്തിച്ചേക്കും. അതുകൊണ്ട് തന്നെ ഗംഭീർ 2028വരെ തുടരുമോയെന്ന കാര്യത്തിൽ 2027ലെ ഏകദിന ലോകകപ്പിലെ ടീമിന്റെ പ്രകടനം നിർണ്ണായകമാവുമെന്നുറപ്പാണ്.
Content Highlights:indian cricket coach tenure of gautam gambhir extended until 2028 olympics