'ഇതുവരെ ഒരു കിരീടം പോലും നേടാനാകാത്ത ടീമുകളുണ്ട്'; മുംബൈ ഇന്ത്യന്‍സിന്റെ കിരീട വരള്‍ച്ചയിൽ മഹേല ജയവര്‍ധനെ

കഴിഞ്ഞ അഞ്ച് സീസണുകളായി കിരീടത്തിൽ മുത്തമിടാൻ സാധിക്കാത്തതിൽ ടീമിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്

ഇന്ത്യൻ പ്രീമിയർ ലീഗിലെ സുപ്രധാന ടീമുകളിൽ ഒന്നാണ് മുംബൈ ഇന്ത്യൻസ്. ഈ കഴിഞ്ഞ അഞ്ച് സീസണുകളായി കിരീടത്തിൽ മുത്തമിടാൻ സാധിക്കാത്തതിൽ ടീമിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. എന്നാൽ, ആ വിമർശങ്ങളെ തള്ളിക്കളഞ്ഞിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് മുഖ്യപരിശീലകൻ മഹേല ജയവര്‍ധനെ. 'അഞ്ച് തവണ ഐപിഎൽ ചാമ്പ്യന്മാരായ മുംബൈ ഇപ്പോഴും ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നാണ്, ഒരു കിരീട വരള്‍ച്ച കൊണ്ട് ടീമിന്റെ ചരിത്രത്തെ അങ്ങനെ മായ്ക്കാന്‍ കഴിയില്ല'; മഹേല പറഞ്ഞു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ രണ്ട് തവണയാണ് പ്ലേഓഫിൽ എത്തിയത്. അവസരങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഒരു ടൂര്‍ണമെന്റില്‍ ഓരോ മത്സരത്തെയും ഗൗരവമായി കാണുകയും പ്രോസസ്സില്‍ വിശ്വസിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. ചില ടീമുകള്‍ ഇതുവരെ ഒരു കിരീടം പോലും നേടിയിട്ടില്ല എന്നതും നമ്മള്‍ ഓർക്കണം. ഞങ്ങള്‍ ഞങ്ങളുടെ രീതികളില്‍ വിശ്വസിക്കുന്നു, അത് മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ല.' ജയവര്‍ധനെ വ്യക്തമാക്കി. 10 ടീമുകള്‍ തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഐപിഎല്‍ കൂടുതല്‍ കടുപ്പമേറിയതാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ സീസണിന്റെ ആരംഭത്തിൽ തന്നെ 'കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷമായി ഞങ്ങൾക്ക് കിരീടമില്ല' എന്ന ചിന്തയുമായി സമ്മര്‍ദ്ദത്തില്‍ കളിക്കാന്‍ ടീം ആഗ്രഹിക്കുന്നില്ലെന്ന് ജയവര്‍ധനെ വ്യക്തമാക്കി. 'കളത്തിനകത്തും പുറത്തും മികച്ച ടീമായി മാറാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. കഴിവിന്റെ പരമാവധി പുറത്തെടുക്കാന്‍ ഓരോ താരത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. ശരിയായ രീതിയില്‍ മുന്നോട്ട് പോയാല്‍ ഫലം താനേ വന്നുകൊള്ളും.' ജയവര്‍ധനെ കൂട്ടിച്ചേർത്തു.

2024-ലെ ഐപിഎല്ലിൻ മുന്നോടിയായി രോഹിത് ശര്‍മയില്‍ നായകപദവിയിൽ നിന്ന് മാറ്റി ആ സ്ഥാനം ഹാര്‍ദിക് പാണ്ഡ്യയ്ക്ക് നൽകിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ 2026 സീസണില്‍ കൂടുതല്‍ കരുത്തോടെയാണ് മുംബൈ എത്തിയിരിക്കുന്നത്. 13 വര്‍ഷത്തിനിടെ ആദ്യമായി തങ്ങളുടെ ഉദ്ഘാടന മത്സരത്തില്‍ വിജയിക്കാന്‍ ഈ സീസണിൽ മുംബൈയ്ക്ക് സാധിച്ചു. രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, തിലക് വര്‍മ തുടങ്ങിയ പ്രമുഖ താരങ്ങളുടെ സാന്നിധ്യം മുംബൈയെ ഇത്തവണയും കിരീടസാധ്യതയുള്ള ടീമുകളുടെ മുന്‍നിരയില്‍ എത്തിക്കുന്നു.

Content highlight: MI coach Mahela Jayawardene on Mumbai Indians title drought

To advertise here,contact us