ഐപിഎൽ 19-ാം സീസൺ തുടങ്ങി ഏഴ് ദിവസങ്ങൾ പിന്നിടുമ്പോൾ കളിച്ച രണ്ട് മത്സരങ്ങളിലും പരാജയമായിരുന്നു ചെന്നൈ സൂപ്പർ കിങ്സിന്റെ ഫലം. രാജസ്ഥാൻ റോയൽസിനും പഞ്ചാബ് കിങ്സിനും എതിരായ ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റിംഗിൽ അപ്പാടെ മലയാളി താരം സഞ്ജു സാംസൺ നിരാശപ്പെടുത്തി. എന്നാൽ, ഇപ്പോൾ താരത്തിന് പൂർണ്ണ പിന്തുണ നൽകികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ് മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ്. വലിയ പ്രതീക്ഷകളോടെ രാജസ്ഥാൻ റോയൽസിൽ നിന്നും ചെന്നൈയിലെത്തിയ സഞ്ജുവിന്റെ ഫോമിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കടുത്ത ഭാഷയിലായിരുന്നു പരിശീലകൻ ഫ്ലെമിംഗിന്റെ മറുപടി.
'എല്ലാ കളികളിലും ഒരാൾക്ക് സ്കോർ ചെയ്യാൻ കഴിയില്ല. ഇത് ടി20 ക്രിക്കറ്റാണ്. സഞ്ജു മികച്ച ഫോമിലാണ് ഉള്ളത്, നന്നായി പരിശീലനവും താരം നടത്തുന്നുണ്ട്. ഫോമിലായാൽ ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാൻ കഴിവുള്ള താരം കൂടിയാണ് സഞ്ജു. വെറും രണ്ട് ഇന്നിംഗ്സുകൾ കൊണ്ട് അദ്ദേഹത്തിന്റെ ഫോമിനെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ല'; പഞ്ചാബ് കിംഗ്സിനെതിരായ തോൽവിക്ക് പിന്നാലെ നടന്ന വാർത്താസമ്മേളനത്തിൽ സ്റ്റീഫൻ ഫ്ലെമിംഗ് പറഞ്ഞു.
ടി20 ലോകകപ്പിലെ ആദ്യ മത്സരങ്ങളിലെല്ലാം നിറം മങ്ങിയ സഞ്ജു പിന്നീട് ഇന്ത്യയുടെ ജയത്തിൽ പ്രധാന പങ്ക് വഹിച്ചതും 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' പട്ടം കൂടിയതും നമ്മൾ കണ്ടതാണ്. അവിടെ നിന്ന് ഐപിഎൽ മൈതാനത്തേക്ക് എത്തിയ സഞ്ജുവിന് സിഎസ്കെയ്ക്കായി ആദ്യ രണ്ട് മത്സരങ്ങളിൽ ഏഴ് പന്തുകളിൽ നിന്ന് ആറ് റൺസും, ഏഴ് റൺസും മാത്രമാണ് നേടാനായത്. കണക്കുകൾ പരിശോധിച്ചാൽ സഞ്ജുവിന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയം അത്ര ഭാഗ്യ ഗ്രൗണ്ടല്ല. ചേപ്പോക്കിൽ കളിച്ച 6 ഇന്നിംഗ്സുകളിൽ നിന്ന് വെറും 11 ശരാശരിയിൽ 66 റൺസ് മാത്രമാണ് സഞ്ജുവിന്റെ അക്കൗണ്ടിൽ ഉള്ളത്. കളിച്ച രണ്ട് മത്സരങ്ങളിലും തോറ്റ ചെന്നൈക്ക് ഇനി വരാനിരിക്കുന്നത് കടുത്ത പോരാട്ടങ്ങൾ തന്നെയാണ്. ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെയാണ് ചെന്നൈയുടെ അടുത്ത എതിരാളികൾ.
Content highlight: CSK coach Stephen Fleming fires back on Sanju Samson's critics