

ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കാൻ അനുവദിക്കാത്തതിന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെതിരെ കോടതിയെ സമീപിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം. ആർസിബിയുടെ ശ്രീലങ്കൻ പേസറായ നുവാൻ തുഷാരയാണ് ശ്രീലങ്ക ക്രിക്കറ്റിനെതിരെ കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഐപിഎല്ലിൽ പങ്കെടുക്കുന്നതിനായി നോൺ ഒബ്ജെക്ഷൻ സർട്ടിഫിക്കേറ്റ് (എൻഒസി) നൽകാത്തതിനാലാണ് ആർസിബി താരം ശ്രീലങ്ക ക്രിക്കറ്റിൻ്റെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കേസ് നൽകിയിരിക്കുന്നത്. എസ്എൽസി നിർദേശിക്കുന്ന ഫിറ്റ്നെസ് കൈവരിക്കാത്തതുകൊണ്ടാണ് ലങ്കൻ താരത്തിന് എൻഒസി നിഷേധിച്ചത്. കേസിന് പുറമെ വിരമിക്കൽ ഭീഷണിയും തുഷാര ഉയർത്തിയിട്ടുണ്ട്.
ശ്രീലങ്ക ക്രിക്കറ്റിൻ്റെ പ്രസിഡൻ്റ് ഷമ്മി സിൽവാ, സെക്രട്ടറി ബൻഡുല ദിസ്സനായകെ, ട്രഷറർ സുജീവാ ഗോഡാലിയഡ്ഡാ, സിഇഒ ആഷ്ലി ഡി സിൽവ എന്നിവർക്കെതിരെ ലങ്കൻ പേസർ കോടതിയെ സമീപിച്ചിരിക്കുന്നത്. തുഷാരയുടെ കേസ് ഏപ്രിൽ ഒമ്പതിന് കൊളംബോ ജില്ലാ കോടതി വാദം കേൾക്കും.
മാർച്ച് 31ന് ലങ്കൻ ക്രിക്കറ്റുമായിട്ടുള്ള തുഷാരയുടെ കരാർ അവസാനിച്ചിരുന്നു. ഇത് പുതുക്കേണ്ട ആവശ്യമില്ലെന്ന് അറിയിച്ചിരിക്കുകയാണ് ലങ്കൻ പേസ് താരം. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച് ഐപിഎല്ലിൻ്റെ ഭാഗമാകാനാണ് പേസ് താരം തയ്യാറെടുക്കുന്നത്.
മുൻ വർഷങ്ങളിലെ പോലെ തൻ്റെ ഫിറ്റ്നസിൽ ഒരു മാറ്റവുമില്ല, തൻ്റെ ഭാഗം കേൾക്കാതെയാണ് ലങ്കൻ ക്രിക്കറ്റ് ബോർഡ് നടപടി സ്വീകരിച്ചത്. തനിക്ക് നീതി ലഭിക്കാത്തത് കൊണ്ടാണ് കോടതിയെ സമീപിച്ചതെന്നും തുഷാര പറഞ്ഞു. 1.6 കോടി രൂപയ്ക്കാണ് കഴിഞ്ഞ സീസണിൽ ആർസിബി നുവാൻ തുഷാരയെ സ്വന്തമാക്കുന്നത്. ആർസിബിക്ക് വേണ്ടി ഒരു മത്സരത്തിൽ തുഷാര കളിക്കുകയും ചെയ്തിരുന്നു. എൻഒസി ലഭിക്കാതെ വന്നത് തൻ്റെ അവസരങ്ങളും സാമ്പത്തികമായി നേട്ടം ഇല്ലാതാക്കി പേസ് താരം കോടതിയിൽ സമർപ്പിച്ച പരാതിയിൽ പറഞ്ഞു.
Content Highlights: Nuwan Thushara moves court against Sri Lankan cricket board 'IPL 2026' Decision, Set To Retire From International Cricket