ഈഡനില്‍ ഉദിച്ചുയർന്ന് സൺറൈസേഴ്‌സ്; കൊല്‍ക്കത്തയെ എറിഞ്ഞുവീഴ്ത്തി

ഹൈദരാബാദിന് വേണ്ടി ജയ്‌ദേവ് ഉനദ്കട്ട് മൂന്ന് വിക്കറ്റ് വീഴ്ത്തി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സീസണിലെ ആദ്യവിജയം സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഈഡന്‍ ഗാര്‍ഡന്‍സില്‍ 65 റണ്‍സിനാണ് ഇഷാന്‍ കിഷനും സംഘവും മുട്ടുകുത്തിച്ചത്. 227 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കൊല്‍ക്കത്തയെ 16 ഓവറില്‍ 161 റണ്‍സിന് ഹൈദരാബാദ് എറിഞ്ഞിട്ടു.

ഹൈദരാബാദിന് വേണ്ടി ജയ്‌ദേവ് ഉനദ്കട്ട് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഈഷാന്‍ മലിംഗയും നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. കൊല്‍ക്കത്തയ്ക്ക് വേണ്ടി അംഗ്കൃഷ് രഘുവംശി അര്‍ധ സെഞ്ച്വറി നേടിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. 29 പന്തില്‍ 52 റണ്‍സെടുത്ത അംഗ്കൃഷ് രഘുവംശിയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. 7 പന്തില്‍ 28 റണ്‍സെടുത്ത ഫിന്‍ അലനും 25 പന്തില്‍ 35 റണ്‍സടിച്ച റിങ്കു സിംഗും മാത്രമാണ് കൊല്‍ക്കത്തയ്ക്ക് വേണ്ടി പൊരുതിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ് അടിച്ചെടുത്തിരുന്നു. ഹൈദരാബാദിന് വേണ്ടി ഹെന്റിച്ച് ക്ലാസന്‍ അര്‍ധ സെഞ്ച്വറി നേടി. 35 പന്തില്‍ 52 റണ്‍സെടുത്ത ഹെന്‍റിച്ച് ക്ലാസനാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും മികച്ച സംഭാവന നല്‍കി. അഭിഷേക് ശര്‍മ 21 പന്തില്‍ 48 റണ്‍സെടുത്തപ്പോള്‍ മറ്റൊരു ഓപ്പണറായ ട്രാവിസ് ഹെഡ് 21 പന്തില്‍ 46 റണ്‍സെടുത്തു.

Content Highlights: IPL 2026, KKR vs SRH: Sunrisers Hyderabad beat Kolkata Knight Riders by 65 runs, secure first win of the campaign

To advertise here,contact us