അപൂർവ റെക്കോർഡില്‍ കോഹ്‌ലിയെ മറികടന്നു; ഐപിഎല്ലില്‍ ചരിത്രമെഴുതി ഹിറ്റ്മാൻ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ആദ്യ മത്സരത്തിൽ തകർപ്പൻ അർധസെഞ്ച്വറി നേടിയാണ് മുംബൈയുടെ മുൻ ക്യാപ്റ്റൻ വരവറിയിച്ചത്

അപൂർവ റെക്കോർഡില്‍ കോഹ്‌ലിയെ മറികടന്നു; ഐപിഎല്ലില്‍ ചരിത്രമെഴുതി ഹിറ്റ്മാൻ
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ പുതിയ സീസണിന് ഹിറ്റ് തുടക്കമിട്ട് മുംബൈ ഇന്ത്യൻസിന്റെ സൂപ്പർ താരം രോഹിത് ശർമ. ആർസിബി സൂപ്പർ താരം വിരാട് കോഹ്‌ലിക്ക് പിന്നാലെ ആദ്യ മത്സരത്തിൽ വെടിക്കെട്ട് പ്രകടനമാണ് ഹിറ്റ്മാൻ പുറത്തെടുത്തത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ആദ്യ മത്സരത്തിൽ തകർപ്പൻ അർധസെഞ്ച്വറി നേടിയാണ് മുംബൈയുടെ മുൻ ക്യാപ്റ്റൻ വരവറിയിച്ചത്.

കൊൽക്കത്ത ഉയർത്തിയ 221 റൺസെന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് മികച്ച തുടക്കമാണ് രോഹിത് നൽകിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനായി ഓപ്പണറായി എത്തിയ രോഹിത് ശർമ 38 പന്തിൽ ആറ് ഫോറും ആറ് സിക്‌സും സഹിതം 205.26 സ്‌ട്രൈക് റേറ്റിൽ 78 റൺസ് നേടി.

കൊൽക്കത്തയ്‌ക്കെതിരായ മിന്നുന്ന പ്രകടനത്തിലൂടെ രോഹിത് ഐപിഎല്ലിലെ അപൂർവ്വ റെക്കോർഡും സ്വന്തം പേരിലെഴുതിച്ചേർത്തു. ഐപിഎല്ലിൽ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. വിരാട് കോഹ്‌ലിയെ മറികടന്നാണ് ഹിറ്റ്മാന്റെ ഈ നേട്ടം.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിം​ഗ്സിനെതിരെ 36 മത്സരങ്ങളിൽ നിന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു താരമായ വിരാട് കോഹ്‌ലി 1160 റൺസ് നേടിയിട്ടുണ്ട്. രോഹിത് ശർമ 36 മത്സരങ്ങളിൽ നിന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 1161 റൺസെടുത്തപ്പോഴാണ് ഈ റെക്കോർഡ് കുറിക്കപ്പെട്ടത്. പഞ്ചാബ് കിങ്‌സിനെതിരെ 36 മത്സരങ്ങളിൽ നിന്ന് 1159 റൺസ് നേടിയ വിരാട് കോഹ്‌ലി തന്നെയാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്.

Content Highlights: ipl 2026: Rohit Sharma writes History, Breaks Huge Record Held By Virat Kohli

dot image
To advertise here,contact us
dot image