

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിന് ഹിറ്റ് തുടക്കമിട്ട് മുംബൈ ഇന്ത്യൻസിന്റെ സൂപ്പർ താരം രോഹിത് ശർമ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ആദ്യ മത്സരത്തിൽ വെടിക്കെട്ട് പ്രകടനമാണ് ഹിറ്റ്മാൻ പുറത്തെടുത്തത്. കൊൽക്കത്തയ്ക്കെതിരെ തകർപ്പൻ അർധസെഞ്ച്വറി നേടിയാണ് മുംബൈയുടെ മുൻ ക്യാപ്റ്റൻ വരവറിയിച്ചത്.
കൊൽക്കത്ത ഉയർത്തിയ 221 റൺസെന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് മികച്ച തുടക്കമാണ് രോഹിത് നൽകിയത്. 23 പന്തില്‍ അർധ സെഞ്ച്വറി തികച്ച രോഹിത് 38 പന്തില്‍ 78 റണ്‍സ് അടിച്ചെടുത്താണ് മടങ്ങിയത്. ആറ് സിക്സും ആറ് ബൗണ്ടറിയും സഹിതമാണ് ഹിറ്റ്മാന്റെ പവര്‍ഹിറ്റിങ്.
ഇതോടെ ഇന്ത്യയുടെ മുൻതാരം കൃഷ്ണമാചാരി ശ്രീകാന്തിന്റെ പ്രവചനം സത്യമാവുകയും ചെയ്തുവെന്നാണ് ആരാധകർ പറയുന്നത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സിന് വേണ്ടി രോഹിത് ശര്‍മ കൊല്‍ക്കത്ത ബോളര്‍മാരെ അടിച്ചുതകര്ക്കുമെന്നു ശ്രീകാന്ത് മത്സരത്തിന് മുൻപുതന്നെ പറഞ്ഞിരുന്നു. കെകെആര്‍ ബോളര്‍മാരെ ഒരു ബദാം ഹല്‍വ തിന്നുന്ന ലാഘവത്തില്‍ രോഹിത് കൈകാര്യം ചെയ്യുമെന്നായിരുന്നു ശ്രീകാന്തിന്റെ പ്രവചനം. അത് സത്യമാണെന്ന് വാംഖഡെയില്‍ തെളിഞ്ഞിരിക്കുകയാണ്.
Content Highlights: IPL 2026, MI vs KKR: Rohit Sharma Powerful start with a Fifty