ആ 11 ആരാധകര്‍ക്ക് ആദരം; ആദ്യപോരാട്ടത്തിന് RCB ഗ്രൗണ്ടിലിറങ്ങുക കറുത്ത ആംബാൻഡ് ധരിച്ച്

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം

ആ 11 ആരാധകര്‍ക്ക് ആദരം; ആദ്യപോരാട്ടത്തിന് RCB ഗ്രൗണ്ടിലിറങ്ങുക കറുത്ത ആംബാൻഡ് ധരിച്ച്
dot image

‌‌‌കഴിഞ്ഞ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന്റെ കിരീട വിജയത്തിന് പിന്നാലെയുണ്ടായ ആൾക്കൂട്ട ദുരന്തത്തിൽ ജീവൻ നഷ്ടമായ 11 ആരാധകർക്ക് ആദരമർപ്പിക്കാൻ ടീം. ഐപിഎൽ 19-ാം സീസണിലെ ആദ്യ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടാനിറങ്ങുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരു താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് ധരിച്ച് മത്സരത്തിനിറങ്ങും. കഴിഞ്ഞ വർഷം ആർസിബിയുടെ കന്നികിരീടനേട്ടത്തിന് പിന്നാലെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ട ആരാധകർക്ക് സ്മരണാഞ്ജലി അർപ്പിക്കാനായാണ് താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് ധരിച്ച് കളിക്കാനിറങ്ങുന്നത്.

നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള ആവേശപ്പോരാട്ടത്തോടെ പുതിയ സീസണ് തിരിതെളിയും. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം. ദുരന്തത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന മത്സരത്തിന് മുന്നോടിയായി ഇരുടീമിലെയും താരങ്ങള്‍ ഒരു മിനിറ്റ് നേരം മൗനം ആചരിക്കുകയും ചെയ്യും.

കഴിഞ്ഞ വർഷം ആര്‍സിബിയുടെ കന്നി കിരീടനേട്ടത്തിന് പിന്നാലെ നടന്ന ആള്‍ക്കൂട്ട ദുരന്തത്തിൽ 11 ആരാധകരാണ് മരിച്ചത്. മരിച്ച 11 പേരോടുമുള്ള ആദര സൂചകമായി '11' എന്ന നമ്പറുള്ള പരിശീലന ജേഴ്സികളണിഞ്ഞാകും താരങ്ങൾ ഇന്ന് വാം അപ്പിനിറങ്ങുക. സ്റ്റേഡിയത്തിലെ 11 സീറ്റുകൾ ആർസിബി കുടുംബത്തിന്‍റെ ഭാഗമായ ആ ആരാധകർക്കായി എക്കാലത്തേക്കും ഒഴിച്ചിടും.

ജീവൻ നഷ്ടപ്പെട്ട ആരാധകർക്ക് ആ​ദരമർപ്പിച്ച് സ്റ്റേഡിയത്തിനുള്ളിലെ 11 സീറ്റുകൾ സ്ഥിരമായി ഒഴിച്ചിടുമെന്നു ആർസിബി മാനേജ്മെന്റും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര മത്സരങ്ങളിലും ഈ 11 സീറ്റുകൾ ആർക്കും വിട്ടുനൽകില്ലെന്ന് ആർസിബി സിഇഒ രാജേഷ് മേനോൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കഴിഞ്ഞ സീസണിലുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിന് പിന്നാലെ നേരിടേണ്ടി വന്ന വിലക്ക് മാറി ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയം വീണ്ടും ഐപിഎല്‍ പോരാട്ടങ്ങള്‍ക്ക് വേദിയാകാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന്റെ കന്നി ഐപിഎല്‍ കിരീട നേട്ടത്തിനു പിന്നാലെ നടന്ന വിക്ടറി പരേഡിനിടെ തിക്കിലും തിരക്കിലും പെട്ടാണ് 11 ആരാധകര്‍ക്ക് ജീവന്‍ നഷ്ടമായത്. പിന്നാലെ സ്റ്റേഡിയത്തിനു വിലക്കും വന്നു. അതിനു ശേഷം ഇടവേളകള്‍ക്കു ശേഷമാണ് ചിന്നസ്വാമിയില്‍ വീണ്ടും പോരാട്ടം ആരംഭിക്കുന്നത്.

Content Highlights: IPL 2026; RCB players will wear black armbands against SRH

dot image
To advertise here,contact us
dot image