

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ് നാളെ തുടക്കമാവുകയാണ്. നിലവിലെ ചാമ്പ്യന്മാരായി കളത്തിലിറങ്ങുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സൂപ്പര്‍ താരം വിരാട് കോഹ്ലിയും ഈ സീസണിലും പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാണ്. ഇപ്പോഴിതാ പുതുപുത്തന്‍ സീസണിനിറങ്ങുന്നതിന് മുന്‍പേ വിരാട് കോഹ്ലിയുടെ പുതുപുത്തന്‍ ടാറ്റൂവും ആരാധകരുടെ ശ്രദ്ധ നേടുകയാണ്.
ഇത്തവണ തന്റെ ഇടതുകൈയില്‍ സര്‍പ്രൈസ് ഡിസൈനാണ് വിരാട് കോഹ്ലി ടാറ്റൂ ചെയ്തിരിക്കുന്നത്. 'ഏലിയന്‍സ് ടാറ്റൂ ഇന്ത്യ'യുടെ സ്റ്റുഡിയോയിലാണ് കോഹ്ലി പുതിയ ടാറ്റൂ അടിച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ സൂപ്പര്‍ താരത്തിന്റെ ടാറ്റൂവിന്റെ അര്‍ത്ഥം അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
ബെംഗളൂരുവിന്റെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തിന് മുന്‍പ് തന്റെ ജീവിതയാത്രയെ അടയാളപ്പെടുത്തുന്നതാണ് കോഹ്ലിയുടെ 'ഫുള്‍ സ്ലീവ് ടാറ്റൂ'. വിരാട് കോഹ്ലിയെന്ന മനുഷ്യന്റെ ജീവിതയാത്രയുടെ പ്രതീകമായാണ് ഈ പുത്തന്‍ ടാറ്റൂവിനെ വിശേഷിപ്പിക്കപ്പെടുന്നത്. ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹം കടന്നുപോയ വഴികളും പുതിയ കാഴ്ചപ്പാടുകളും ടാറ്റൂവിലുണ്ട്. തന്റെ ജീവിതത്തിലെ ഓരോ സുപ്രധാന ഘട്ടങ്ങളിലും പഴയ സ്വഭാവങ്ങൾ ഉപേക്ഷിച്ച് പുതിയ വ്യക്തിത്വത്തിലേക്ക് മാറിയ കോഹ്ലിയുടെ വളർച്ചയാണ് ടാറ്റൂവിന്റെ പ്രമേയം.
മാർച്ച് 28നാണ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണ് ആരംഭമാവുന്നത്. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടുന്നതോടെയാണ് ഇന്ത്യയുടെ ക്രിക്കറ്റ് മഹാമഹത്തിന് തിരിതെളിയുക. ഐപിഎല്ലിന്റെ കന്നിക്കിരീടം സ്വന്തമാക്കിയ വിരാട് കോഹ്ലിയും ആർസിബിയും കിരീടം നിലനിർത്തുകയെന്ന വലിയ ലക്ഷ്യത്തോടെയാണ് ഇറങ്ങുന്നത്.
Content Highlights: Virat Kohli Gets New Full Sleeve Tattoo Ahead Of IPL 2026