‘ഞങ്ങൾ VIP കൾ , ക്യൂവിൽ നിൽക്കാൻ പറ്റില്ല’; IPL ടിക്കറ്റുകൾ ഫ്രീയായി നൽകണമെന്ന് കർണാടക എംഎൽഎമാർ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പത്തൊമ്പതാം സീസണിന് നാളെ തുടക്കമാകാനിരിക്കെ പുതിയ വിവാദത്തിന് തുടക്കമിട്ട് കർണാടകയിലെ എംഎൽഎമാർ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പത്തൊമ്പതാം സീസണിന് നാളെ തുടക്കമാകാനിരിക്കെ പുതിയ വിവാദത്തിന് തുടക്കമിട്ട് കർണാടകയിലെ എംഎൽഎമാർ. മത്സരങ്ങൾ കാണാൻ എംഎൽഎമാർക്ക് ഫ്രീ ടിക്കറ്റുകൾ അനുവദിക്കണമെന്നും ഇരിക്കാൻ സാധാരണക്കാർക്കൊപ്പം അല്ലാത്ത ഇരിപ്പിടങ്ങൾ അനുവദിക്കണം എന്നുമാണ് എംഎൽഎമാരുടെ വാദം.

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തോടെ 2026-ലെ ഐപിഎൽ സീസൺ ശനിയാഴ്ച ആരംഭിക്കാനിരിക്കെയാണ് പുതിയ വിവാദം. പ്രതിപക്ഷ നേതാവ് ഈ വിഷയം സഭയിൽ ഉന്നയിച്ചിട്ടുണ്ടെന്നും ടിക്കറ്റുകൾ ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സ്പീക്കറോട് അഭ്യർഥിച്ചിട്ടുണ്ടെന്നും ഹുൻഗുണ്ടിൽനിന്നുള്ള എംഎൽഎ വിജയാനന്ദ് കാശപ്പനവർ മാധ്യമങ്ങളോട് പറഞ്ഞു.

സർക്കാരിൽ നിന്നും എല്ലാവിധത്തിലുള്ള ആനുകൂല്യങ്ങളും കൈപ്പറ്റിയിട്ടും കർണാടക ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‌സിഎ) എംഎൽഎമാരെയും മന്ത്രിമാരെയും ബഹുമാനിക്കുന്നില്ലെന്നും വിജയാനന്ദ് ആരോപിച്ചു.

'ഞങ്ങൾ വിഐപികളാണ്. ഞങ്ങൾക്ക് ക്യൂവിൽ പോയി നിൽക്കാൻ കഴിയില്ല. കഴിഞ്ഞ തവണ പോയപ്പോൾ ഞങ്ങൾക്ക് ക്യൂവിൽ നിൽക്കേണ്ടി വന്നു. അവർ ഞങ്ങളെ പൊതുജനങ്ങളോടൊപ്പം ഗാലറിയിലേക്കാണ് അയയ്ക്കുന്നത്. ഇത് അനുവദിക്കാനാവില്ല. കെഎസ്‌സിഎ ആരെയും കേൾക്കില്ല. അവർ അത്രത്തോളം വലുതായിരിക്കുന്നു. അവർ പണം സമ്പാദിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു. ഇത് തുടരാൻ കഴിയില്ല.' വിജയാനന്ദ് വിമർശിച്ചു.

Content Highlights:;karnataka mlas demand free ipl tickets vip Culture controversy

To advertise here,contact us