ചെന്നൈ സൂപ്പർ കിങ്സിന്റെ ആ മഞ്ഞ കുപ്പായത്തിൽ സഞ്ജു സാംസൺ മൈതാനത്തെത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് സിഎസ്കെ ആരാധകർ. ആ കാത്തിരിപ്പിനിടയിലേക്ക് താൻ പോരാട്ടത്തിന് തയ്യാറാണെന്ന സൂചന നൽകിയിരിക്കുകയാണ് ഇപ്പോൾ സഞ്ജുവും. ഐപിഎൽ പുതിയ സീസണിന് മുന്നോടിയായുള്ള ചെന്നൈയുടെ ഇൻട്രാ സ്ക്വാഡ് മാച്ചിലെ അദ്ദേഹത്തിന്റെ ഒരു മാജിക്കൽ ക്യാച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഇൻട്രാ സ്ക്വാഡ് മാച്ചിൽ ഫീൽഡറുടെ റോളിൽ ആയിരുന്നു സഞ്ജു കളത്തിലെത്തിയത്. ക്യാപ്റ്റൻ കൂൾ, സിഎസ്കെയുടെ മുൻ ക്യാപ്റ്റൻ എംഎസ് ധോണി തന്നെയാകും ഇത്തവണയും കീപ്പർ ഗ്ലൗ അണിയുകയെന്ന് ഉറപ്പാണ്. അതിനാൽ തന്നെയാകും ചെന്നൈയുടെ പ്രാക്ടീസ് മാച്ചിൽ ഫീൽഡിങ് റോളിലേക്ക് സഞ്ജു മാറിയത്.
പന്തിന്റെ വരവ് നോക്കി പുറകിലേക്ക് തിരിഞ്ഞ് പോയാണ് സഞ്ജു ആ ക്യാച്ച് എടുത്തത്. അവസാന നിമിഷം വരെ ശ്രദ്ധ തെറ്റാതെ ക്യാച്ചെടുത്ത സഞ്ജു ഇടയ്ക്ക് മൈതാനത്ത് വീഴുന്നുണ്ടെങ്കിലും പന്ത് കൈക്കുള്ളിൽ ഭദ്രമെന്ന് ഉറപ്പും വരുത്തുന്നുണ്ട്. ടീം ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദ് സഞ്ജുവിനെ തോളിൽ തട്ടി അഭിനന്ദിക്കുന്നതും മറ്റ് താരങ്ങൾ പ്രശംസിക്കുന്നതും വീഡിയോയിൽ കാണാം. വമ്പനടിക്കാരനായ ശിവം ദുബെയെയാണ് ആ തകര്പ്പൻ ക്യാച്ചിലൂടെ സഞ്ജു മടക്കിയത്. ലെഗ്സൈഡിലേക്കു ഷോട്ട് കളിക്കാനായിരുന്നു താരത്തിന്റെ ശ്രമമെങ്കിലും ടൈമിങ് അമ്പെ പാളുകയായിരുന്നു
മാർച്ച് 30-ന് സഞ്ജുവിന്റെ മുൻ ടീം കൂടിയായ രാജസ്ഥാൻ റോയൽസിനെതിരെയാണ് ചെന്നൈയുടെ ആദ്യ പോരാട്ടം. രാജസ്ഥാൻ താരമായിരുന്ന സഞ്ജു സിഎസ്കെയുടെ മഞ്ഞ കുപ്പായത്തിൽ കളിക്കുമ്പോൾ, ചെന്നൈയുടെ താരമായിരുന്ന രവീന്ദ്ര ജഡേജ രാജസ്ഥാന്റെ പിങ്ക് കുപ്പായത്തിലും ബാറ്റ് വീശും. ഗുവാഹത്തിയിലെ ബർസപര സ്റ്റേഡിയമാണ് ഈ പ്രത്യേകതകൾക്ക് എല്ലാം സാക്ഷ്യം വഹിക്കാൻ തയ്യാറെടുക്കുന്നത്.
Content highlight: Sanju Samson Takes a superb catch in CSK's practice match goes viral.