ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിനൊരുങ്ങുകയാണ് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും. ഇന്ത്യയുടെ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നിട്ടും മോശം ഫോമിനെത്തുടർന്ന് ലോകകപ്പ് സ്ക്വാഡിൽ നിന്ന് പോലും തഴയപ്പെട്ട ഗിൽ, ഇപ്പോൾ ഐപിഎല്ലിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ്. എന്നാൽ ലോകകപ്പ് സ്ക്വാഡിൽ നിന്ന് പുറത്താക്കിയതിനെ കുറിച്ച് ഗിൽ നടത്തിയ പുതിയ പ്രസ്താവന ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.
തന്റെ ബാറ്റിങ് മികവിനെ ചോദ്യം ചെയ്യുകയും വിമർശിക്കുകയും ചെയ്യുന്നവരുടെ വായടപ്പിക്കുന്ന മറുപടിയാണ് ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മൻ ഗിൽ നൽകിയത്. ഐപിഎൽ 2026 ന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിലായിരുന്നു ഗില്ലിന്റെ പ്രതികരണം. കഴിഞ്ഞ ഏതാനും ഐപിഎൽ സീസണുകളിൽ ഏറ്റവുമധികം റൺസ് അടിച്ചുകൂട്ടിയത് താനാണെന്നും അതിനാൽ ആർക്കും മുന്നിലും ഒന്നും തെളിയിക്കേണ്ട ബാധ്യത തനിക്കില്ലെന്നും ഗിൽ വ്യക്തമാക്കി.
ടി20 ലോകകപ്പ് ടീമിൽ നിന്ന് പുറത്താക്കപ്പെട്ടതും പകരം ഓപ്പണറുടെ റോളിലേക്ക് തിരിച്ചെത്തിയ മലയാളി താരം സഞ്ജു സാംസൺ മിന്നും പ്രകടനം പുറത്തെടുത്തതുമാണ് ഗില്ലിനെതിരെ ശക്തമായ വിമർശനങ്ങൾക്ക് വഴിയൊരുക്കിയത്. ഐപിഎല്ലിന്റെ 2022 സീസൺ മുതൽ മികച്ച ഫോമിലാണ് ഗിൽ ബാറ്റ് വീശുന്നത്. 46.2 ശരാശരിയിലും 149.78 സ്ട്രൈക്ക് റേറ്റിലും 2449 റൺസാണ് താരം ഇതുവരെ സ്വന്തമാക്കിയത്. ഇന്ത്യൻ ടി20 ടീമിലെ സ്ഥാനത്തിനായി മത്സരിക്കുന്ന സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ എന്നിവരേക്കാൾ ബഹുദൂരം മുന്നിലാണ് താനെന്ന് കണക്കുകൾ നിരത്തി ഗിൽ ഓർമ്മിപ്പിച്ചു. അതേസമയം, റൺവേട്ടയിൽ വിരാട് കോഹ്ലി (2378 റൺസ്) മാത്രമാണ് ഗില്ലിന് പിന്നിലുള്ളത്.
Content Highlights: IPL 2026; ‘Don't think I have anything to prove’, Shubman Gill Hits Back At Critics