ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ ആരംഭിക്കാൻ ഇനി ഒരു നാൾ മാത്രമാണുള്ളത്. 28ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും മുൻ ചാമ്പ്യന്മാരായ സൺറെെസേഴ്സ് ഹെെദരാബാദുമാണ് ഏറ്റുമുട്ടുന്നത്.
സഞ്ജു സാംസൺ ടീമിലെത്തിയത് കൊണ്ട് തന്നെ ഇത്തവണ എല്ലാവരും ഉറ്റുനോക്കുന്ന ടീമുകളിലൊന്ന് ചെന്നെെ സൂപ്പർ കിങ്സാണ്. രാജസ്ഥാൻ റോയൽസ് വിട്ട് സഞ്ജു സിഎസ്കെയിൽ എത്തുന്നത് ടി20 ലോകകപ്പിൽ നടത്തിയ മിന്നും പ്രകടനത്തിന് ശേഷമാണ്. ടി20 ലോകകപ്പിലെ താരമായി മാറിയ സഞ്ജു സിഎസ്കെയുടെ റൺവേട്ടക്കാരിൽ ഇത്തവണ മുന്നിലെത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
എന്നാൽ ഇത്തവണ സഞ്ജു വന്നെങ്കിലും സിഎസ്കെ യുടെ തുറുപ്പുചീട്ട് റുതുരാജ് ഗെയ്ക്വാദ് തന്നെയാണെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ സിഎസ്കെ, രാജസ്ഥാൻ റോയൽസ് താരവും സ്പിൻ ഓൾറൗണ്ടറുമായ ആർ അശ്വിൻ.
'സിഎസ്കെയുടെ നിലവിലെ ബെസ്റ്റ് ബാറ്റ്സ്മാൻ റുതുരാജ് ഗെയ്ക്വാദാണ്. അവസാനം വരെ ബാറ്റ് ചെയ്യുക എന്നതാണ് അവന്റെ ടീമിലെ റോൾ. അവൻ ആംഗർ റോളിലേക്ക് മാറുമ്പോൾ മറ്റുള്ളവർ ആക്രമണ ക്രിക്കറ്റ് കളിക്കാനാവും സിഎസ്കെ പദ്ധതിയിടുക. അതുകൊണ്ടാണ് അവൻ എല്ലാ സീസണിലും നിരവധി റൺസ് നേടുന്നത്. ' അശ്വിൻ പറഞ്ഞു.
സഞ്ജു സാംസണൊപ്പം താൻ ഓപ്പണിങ്ങിൽ ഇറങ്ങുമെന്ന കാര്യം റുതുരാജ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. റുതുരാജിന്റെ ബാറ്റിങ് പ്രകടനം ഇത്തവണയും സിഎസ്കെയ്ക്ക് നിർണ്ണായകമാണ്. റുതുരാജിന് ഇന്ത്യൻ ടീമിൽ കൂടുതൽ അവസരം നേടാൻ ഇത്തവണ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതായുണ്ട്. കഴിഞ്ഞ തവണ പരിക്കുമൂലം സീസണിലെ പകുതിയോളം താരത്തിന് നഷ്ടമായിരുന്നു.
Content Highlights: ashwin-predicts-csk-trump-card-ipl-2026-ruturaj-gaikwad-not-sanju-samson