ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ടീം കൈമാറ്റമായിരുന്നു റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെത്. എന്നാൽ, ആ കൈമാറ്റത്തിന് പിന്നാലെ ടീമിന്റെ പേര് മാറുമോ എന്നതായിരുന്നു ആരാധകകൂട്ടത്തിന്റെ ആശങ്ക. ആ ആശങ്കയ്ക്ക് ഇപ്പോൾ മറുപടി നൽകിയിരിക്കുകയാണ് ആദിത്യ ബിർള ഗ്രൂപ്പ് ഡയറക്ടര്‍മാരിലൊരാളായ അനന്യ ബിർള.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എന്ന പേര് മാറ്റില്ല എന്നതാണ് ആരാധകരുടെ ആശങ്കയ്ക്ക് മറുപടിയായി അനന്യ ബിർള കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാഗ്രാം പങ്കുവെച്ച സ്റ്റോറിയിൽ വ്യക്തമാക്കുന്നത്. ഇതോടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്കെല്ലാം വിരാമമായി. 2025ൽ തങ്ങളുടെ കന്നി ഐപിഎൽ കിരീടത്തിൽ മുത്തമിട്ട ടീമിന്റെ ബ്രാൻഡ് മൂല്യം നിലനിർത്താനാണ് പുതിയ ഉടമകളുടെ തീരുമാനം എന്ന് ഇതിലൂടെ വ്യക്തമാകുന്നു.
റെക്കോർഡ് തുകയായ 16,706 കോടി രൂപയ്ക്കായിരുന്നു ആദിത്യ ബിർള ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ആര്‍സിബിയുടെ ഉടമസ്ഥാവകാശം നേടിയത്. ഈ ടീം കൈമാറ്റത്തിലൂടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മൂല്യമുള്ള ടീമായി ആർസിബി മാറിയിരുന്നു. ആദിത്യ ബിർള ഗ്രൂപ്പിനൊപ്പം ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ്, ബ്ലാക്ക്സ്റ്റോൺ, ബോൾട്ട് വെഞ്ചേഴ്സ് എന്നിവരും ആര്‍സിബിയെ സ്വന്തമാക്കിയവരിൽ ഉൾപ്പെടുന്നു. പുരുഷ ടീമിനൊപ്പം വനിതാ ടീമിന്റെയും പൂർണ്ണ ഉടമസ്ഥാവകാശം ഇതേ ഗ്രൂപ്പിനായിരിക്കും. 2008 മുതൽ ഐപിഎല്ലിന്റെ ഭാഗമായ എട്ട് ടീമുകളിൽ ഒന്നാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് കഴിഞ്ഞ വർഷം ആദ്യമായി ഐപിഎല്ലില്‍ കിരീടത്തിൽ ആർസിബി മുത്തമിട്ടത്.
Content highlights: Royal Challengers Bangalore to change name at the last minute? Ananya Birla responds