ഐപിഎൽ 2026 സീസണിന് മുന്നോടിയായി ക്യാപ്റ്റൻമാരുടെയും ബിസിസിഐ ഉദ്യോഗസ്ഥരുടെയും നിർണായക യോഗം ഇന്ന് നടക്കും. വൈകിട്ട് 4.30 മുതൽ 6 മണിവരെ നടക്കുന്ന ഈ യോഗത്തിൽ മത്സരങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ച ചെയ്യും. പുതിയ സീസണിലെ നിയമങ്ങളിൽ വ്യക്തത വരുത്തുകയും, ക്യാപ്റ്റൻമാരുടെ സംശയങ്ങൾ പരിഹരിക്കുകയുമാണ് ഈ യോഗത്തിന്റെ പ്രധാന ലക്ഷ്യം.
കഴിഞ്ഞ സീസണിൽ വലിയ വിവാദമായി മാറിയ പല നിയമങ്ങളിലും ക്യാപ്റ്റന്മാർ വ്യക്തത തേടും. ഇന്നിങ്സ് ടൈമർ (60-സെക്കൻഡ് ക്ലോക്ക്), ഇംപാക്ട് പ്ലെയർ റൂൾ, കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് നിയമം, കോഡ് ഓഫ് കണ്ടക്ട്, ടൂ-ബൗൺസർ റൂൾ, ബാറ്റ് പരിശോധന, പന്ത് മാറ്റം, റിട്ടയേർഡ്-ഔട്ട് നിയമങ്ങൾ എന്നിവയിൽ ബിസിസിഐ വരുത്തിയ മാറ്റങ്ങൾ യോഗത്തിൽ വിശദീകരിക്കും.
ബിസിസിഐയുടെ മത്സര റഫറിമാരുടെയും അമ്പയർമാരുടെയും പാനലിനെ നിയന്ത്രിക്കുന്ന ജവഗൽ ശ്രീനാഥ്, നിതിൻ മേനോൻ എന്നിവരാണ് ക്യാപ്റ്റന്മാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുക.
ഈ മാസം 28 മുതലാണ് ഐ പി എൽ പത്തൊമ്പതാം സീസൺ ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ റോയൽസ് ചലഞ്ചേഴ്സ് ബെംഗളരൂവും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് ആദ്യ പോരാട്ടം.
Content Highlights: ipl 2026 captains meeting bcci rule clarifications