ഡല്‍ഹി ക്യാപിറ്റല്‍സിന് കനത്ത തിരിച്ചടി; ഐപിഎല്ലില്‍ നിന്ന് പിന്മാറി ബെന്‍ ഡക്കറ്റ്‌

ഡൽഹി ടീമിനോടും ആരാധകരോടും ക്ഷമ ചോദിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു

ഡല്‍ഹി ക്യാപിറ്റല്‍സിന് കനത്ത തിരിച്ചടി; ഐപിഎല്ലില്‍ നിന്ന് പിന്മാറി ബെന്‍ ഡക്കറ്റ്‌
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഡൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടി. ക്യാപിറ്റൽസിന്റെ ഇം​ഗ്ലീഷ് സൂപ്പർ താരം ബെൻ ഡക്കറ്റ് ഐപിഎല്ലിൽ നിന്ന് പിന്മാറി. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് ഐപിഎല്ലിൽ നിന്ന പിന്മാറാനുള്ള തീരുമാനം ബെൻ ഡക്കറ്റ് ആരാധകരെ അറിയിച്ചത്.

വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളുടെ ഷെഡ്യൂളിന്റെ ഭാഗമായി ഇംഗ്ലണ്ട് ദേശീയ ടീമിന് വേണ്ടി തന്റെ പ്രകടനം മെച്ചപ്പെടുത്താനാണ് ഐപിഎല്ലില്‍ നിന്ന് പിന്മാറുന്നതെന്നാണ് ഡക്കറ്റ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഐപിഎല്ലിൽ നിന്ന് പിന്മാറാനുള്ള ബുദ്ധിമുട്ടുള്ള തീരുമാനം എടുത്തത് ഏറെ ആലോചിച്ചാണ് എന്നും താരം കുറിച്ചു. ഡൽഹി ടീമിനോടും ആരാധകരോടും ക്ഷമ ചോദിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആഷസ് പരമ്പരയിലെ മോശം പ്രകടനമാണ് താരത്തെ ഐപിഎൽ ഉപേക്ഷിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ ശ്രദ്ധിക്കാൻ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഷസ് പരമ്പരയില്‍ ആകെ 221 റണ്‍സാണ് താരം നേടിയത്. ടി20 ലോകകപ്പില്‍ ഒരു മത്സരം പോലും ഡക്കറ്റ് കളിച്ചിരുന്നില്ല. കൗണ്ടി ചാമ്പ്യൻഷിപ്പിൽ നോട്ടിങ്ഹാംഷെയറിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത് ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ടീമിലെ ഇടം നിലനിർത്തുക എന്നതാണ് താരത്തിന്റെ ലക്ഷ്യം.

ഡല്‍ഹി ക്യാപിറ്റല്‍സ് രണ്ട് കോടി രൂപയ്ക്കാണ് ഇം​ഗ്ലീഷ് താരത്തെ സ്വന്തമാക്കിയത്. കെ.എല്‍ രാഹുലിനൊപ്പം ഡക്കറ്റിനെ ഓപ്പണറാക്കാനായിരുന്നു ഡല്‍ഹിയുടെ പ്ലാന്‍. അതേസമയം പിന്‍മാറലിനെ തുടര്‍ന്ന് ഡക്കറ്റ് കടുത്ത നടപടി നേരിടും. രണ്ട് വര്‍ഷത്തെ വിലക്ക് താരത്തിനുണ്ടാവും.പിന്മാറ്റത്തെ തുടർന്ന് അടുത്ത രണ്ട് ഐപിഎൽ ലേലങ്ങളിലോ അടുത്ത രണ്ട് സീസണുകളിൽ ഐപിഎൽ മത്സരങ്ങളിലോ അദ്ദേഹത്തിന് പങ്കെടുക്കാനും കഴിയില്ല.

Content Highlights: Big Blow for Delhi Capitals: Ben Duckett skips IPL 2026 to focus on international cricket

dot image
To advertise here,contact us
dot image