നഥാൻ എല്ലിസിന് പകരക്കാരൻ; ഓസീസ് പേസറെ തട്ടകത്തിലെത്തിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്

പരിക്ക് ഭേദമാകാൻ എല്ലിസിന് കൂടുതൽ സമയം ആവശ്യമായി വന്നതോടെയാണ് വളരെ വേഗം ചെന്നൈ ടീം പകരക്കാരനെ കണ്ടെത്തിയത്

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ പുതിയ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നിർണ്ണായക മാറ്റം വരുത്തി ചെന്നൈ സൂപ്പർ കിം​ഗ്സ്. പരിക്കേറ്റ് പുറത്തായ ഓസ്‌ട്രേലിയൻ പേസർ നഥാൻ എല്ലിസിന് പകരക്കാരനായി ഓസ്ട്രേലിയൻ പേസർ സ്പെൻസർ ജോൺസണെ ചെന്നൈ ടീമിലെത്തിച്ചു. മാർച്ച് 11ന് നടന്ന ഏകദിന മത്സരത്തിനിടെയാണ് നഥാൻ എല്ലിസിന് പരിക്കേറ്റത്. പരിക്ക് ഭേദമാകാൻ എല്ലിസിന് കൂടുതൽ സമയം ആവശ്യമായി വന്നതോടെയാണ് വളരെ വേഗം ചെന്നൈ ടീം പകരക്കാരനെ കണ്ടെത്തിയത്.

ഐപിഎൽ മൈതാനങ്ങളിൽ മുൻപും പന്തെറിഞ്ഞ് പരിചയമുള്ള താരമാണ് സ്പെൻസർ ജോൺസൺ. 2024-ലെ ലേലത്തിൽ 10 കോടി രൂപയുടെ വൻതുകയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയ താരം, പിന്നീട് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയും കളത്തിലിറങ്ങിയിട്ടുണ്ട്. എന്നാൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. ഐപിഎല്ലിൽ ഇതുവരെ കളിച്ച 9 മത്സരങ്ങളിൽ നിന്നായി 27.2 ഓവർ ബൗൾ ചെയ്ത ജോൺസൺ 284 റൺസ് വഴങ്ങി 5 വിക്കറ്റുകൾ മാത്രമാണ് വീഴ്ത്തിയത്.

സീസണിലെ മോശം പ്രകടനത്തെത്തുടർന്ന് വിപണി മൂല്യം ഇടിഞ്ഞ ജോൺസണെ അടിസ്ഥാന വിലയായ 1.5 കോടി രൂപയ്ക്കാണ് ഇത്തവണ ചെന്നൈ സ്വന്തമാക്കിയത്. മാർച്ച് 30ന് ഗുവാഹത്തിയിൽ രാജസ്ഥാൻ റോയൽസിനെതിരെയാണ് ചെന്നൈയുടെ സീസണിലെ ആദ്യ പോരാട്ടം. ശക്തരായ രാജസ്ഥാനെതിരായ ആദ്യമത്സരത്തിൽ സ്പെൻസർ ജോൺസൺ ചെന്നൈയുടെ ബോളിംഗ് നിരയെ നയിക്കാൻ ഇറങ്ങുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Content Highlights: ​IPL 2026: Spencer Johnson joins CSK as a replacement for Nathan Ellis

To advertise here,contact us