പാകിസ്താനി ഷോയില്‍ പങ്കെടുത്തതില്‍ കടുത്ത വിമര്‍ശനം; തിരിച്ചടിച്ച് സുനില്‍ ഗവാസ്‌കര്‍

പാക് സ്പിന്നര്‍ അബ്രാര്‍ അഹമ്മദിനെ സണ്‍റൈസേഴ്സ് ലീഡ്സ് സ്വന്തമാക്കിയതിൽ‌ ​ഗവാസ്കർ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഇതിഹാസം പാകിസ്താന്റെ ക്രിക്കറ്റ് ഷോയിൽ പങ്കെടുത്തത് ചൂണ്ടിക്കാട്ടി പോസ്റ്റുകള്‍ നിറഞ്ഞത്

പാകിസ്താന്‍റെ ക്രിക്കറ്റ് ഷോയിൽ മുന്‍പ് പങ്കെടുത്തതിന്‍റെ പേരില്‍ തനിക്കെതിരെ ഉയരുന്ന സൈബര്‍ ആക്രമണത്തിലും വിമര്‍ശനങ്ങളിലും രൂക്ഷമായി പ്രതികരിച്ച് ഇന്ത്യന്‍ മുന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഇംഗ്ലണ്ടിലെ ക്രിക്കറ്റ് ടൂര്‍ണമെന്റായ 'ദ ഹണ്ട്രഡ്' ലേലത്തില്‍ പാകിസ്താന്‍ സ്പിന്നര്‍ അബ്രാര്‍ അഹമ്മദിനെ സണ്‍റൈസേഴ്സ് ലീഡ്സ് സ്വന്തമാക്കിയതിൽ‌ ​ഗവാസ്കർ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഇതിഹാസം പാകിസ്താന്റെ ക്രിക്കറ്റ് ഷോയിൽ പങ്കെടുത്തത് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയിൽ പോസ്റ്റുകള്‍ നിറഞ്ഞത്.

കഴിഞ്ഞ ഏഷ്യാ കപ്പിനിടെയാണ് ഗവാസ്കര്‍ പാകിസ്താന്റെ ക്രിക്കറ്റ് പരിപാടിയില്‍ അതിഥിയായി പങ്കെടുത്തത്. ​ഗവാസ്കറുടേത് ഇരട്ടത്താപ്പ് ആണെന്നായിരുന്നു സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ഉയർന്ന ആരോപണം. ഇതിന് മറുപടിയായി തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഗവാസ്‌കർ തള്ളിക്കളയുകയും മുംബൈ മിററിന് നൽകിയ അഭിമുഖത്തിൽ തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു.

'ഐസിസിയുടെയും എഷ്യാ കപ്പിന്‍റെയും കമന്‍ററി പാനലുകളില്‍ ഞാന്‍ ഉണ്ടായിരുന്നു. ഐസിസിയിലായാലും എസിസിയില്‍ ആയാലും വരുമാനം എല്ലാ രാജ്യങ്ങള്‍ക്കുമായാണ് പോകുന്നത്. എനിക്ക് അറിയാവുന്നിടത്തോളം പണം നൽകുന്നത് ഒരു ഇന്ത്യന്‍ കമ്പനിയല്ല. പരിപാടിയിലെ കമന്‍റേറ്റര്‍മാര്‍ക്ക് ആര്‍ക്കും ഞാന്‍ പണം നല്‍കാത്തിടത്തോളം, അതിന് ഞാന്‍ ഏതെങ്കിലും തരത്തില്‍ ഉത്തരവാദി ആകുന്നതെങ്ങനെയാണെന്ന് എനിക്ക് മനസിലാകുന്നില്ല?', ഗവാസ്കര്‍ തുറന്നടിച്ചു.

'മറ്റ് കായികയിനങ്ങളുടെ കാര്യത്തില്‍ എങ്ങനെയാണെന്ന് തനിക്ക് അറിയില്ല. ഇന്ത്യക്കാര്‍ പാകിസ്താനികള്‍ക്ക് പണം കൊടുക്കുന്നത് നിര്‍ത്തണമെന്ന് മാത്രമാണ് ഞാൻ പ്രാര്‍ഥിക്കുന്നത്. പതിറ്റാണ്ടുകളായുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇതിന് വിപരീതമായി നടക്കാറില്ലെന്ന് നിങ്ങൾക്ക് മനസിലാക്കാം', ഗവാസ്കര്‍ കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിലെ ക്രിക്കറ്റ് ടൂര്‍ണമെന്റായ 'ദ ഹണ്ട്രഡ്' ലേലത്തില്‍ പാകിസ്താന്‍ സ്പിന്നര്‍ അബ്രാര്‍ അഹമ്മദിനെ സണ്‍ റൈസേഴ്സ് ലീഡ്സ് സ്വന്തമാക്കിയത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. ഒന്നേമുക്കാല്‍ കോടിയിലധികം രൂപയ്ക്കാണ് അബ്രാറിനെ ടീമിലെടുത്തത്. എന്നാല്‍ പാക് താരത്തെ ടീമിലെത്തിച്ചതില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

ഇതിനുപിന്നാലെ ഇന്ത്യന്‍ കമ്പനികളുടെ നിയന്ത്രണത്തിലുള്ള വിദേശ ക്രിക്കറ്റ് ഫ്രാഞ്ചൈസികള്‍ പാകിസ്താന്‍ താരങ്ങളെ വാങ്ങുന്നതിനെതിരെയാണ് ഗവാസ്‌കര്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഐപിഎല്ലില്‍ പാക് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍, വിദേശ ലീഗിലാണെങ്കിലും ഒരു ഇന്ത്യന്‍ ഫ്രാഞ്ചൈസി പാക് താരത്തെ വാങ്ങിയത് ശരിയായ നടപടിയല്ലെന്നായിരുന്നു ഗാവസ്‌കറുടെ വിമര്‍ശനം.

Content Highlights: Sunil Gavaskar hits back at the criticism of attending Pakistani Show

To advertise here,contact us