പാകിസ്താൻ ക്രിക്കറ്റിലെ അനാവശ്യ ഇടപെടലുകളെയും പ്രൊഫഷണലിസമില്ലായ്മയെയും കടന്നാക്രമിച്ച് മുൻ പരിശീലകൻ ഗാരി കിർസ്റ്റൺ രംഗത്ത്. ശ്രീലങ്കൻ ടീമിന്റെ പരിശീലകനായി ചുമതലയേറ്റ ശേഷം നൽകിയ ഒരു അഭിമുഖത്തിലാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ പ്രതിക്കൂട്ടിലാക്കും വിധം അദ്ദേഹം ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. തന്റെ ഇത്രയും നാളത്തെ കരിയറിൽ ഇത്രത്തോളം മോശമായ ഒരു ജോലി സാഹചര്യം മറ്റൊരിടത്തും കണ്ടിട്ടില്ലെന്ന് കിർസ്റ്റൺ തുറന്നടിച്ചു.
പരിശീലകർക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാൻ കഴിയാത്ത വിധം ബാഹ്യ ഇടപെടലുകളാണ് ബോർഡിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് ആരോപിച്ച അദ്ദേഹം ഒട്ടും തന്നെ സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും വ്യക്തമാക്കി. 'ടീം ഒരു മത്സരം പരാജയപ്പെടുമ്പോൾ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം പരിശീലകന്റെ തലയിൽ കെട്ടിവെക്കുന്ന രീതിയാണ് പിസിബിക്കുള്ളത്. എന്നാൽ സത്യത്തിൽ ഭരണപരമായ പരാജയങ്ങൾ മറച്ചുവെക്കാനാണ് അവർ ശ്രമിക്കുന്നത്. പരിശീലകർക്ക് മേൽ അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ടീമിന് ഗുണം ചെയ്യില്ല', ഗാരി കിർസ്റ്റൺ തുറന്നടിച്ചു.
2024 ടി20 ലോകകപ്പിലെ പാകിസ്താന്റെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് കിർസ്റ്റണും ബോർഡും തമ്മിലുള്ള അസ്വാരസ്യങ്ങൾ പരസ്യമായത്. അന്ന് ടീമിനുള്ളിൽ ഐക്യമില്ലെന്ന കിർസ്റ്റണിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു.
Content highlight: Former coach Gari Kirsten slams Pakistan Cricket board