2027 ലോകകപ്പ്; സാധ്യതാപട്ടികയില്‍ 20 താരങ്ങള്‍? ഐപിഎല്ലിലെ പ്രകടനം നിരീക്ഷിക്കും, സഞ്ജുവിനും നിർണായകം

സീനിയർ താരങ്ങളായ രോഹിത് ശർമയുടെയും വിരാട് കോഹ്‌ലിയുടെയും പ്രകടനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുമെന്നാണ് റിപ്പോർട്ട്

2027 നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ സാധ്യത പട്ടിക ബിസിസിഐ തയ്യാറാക്കി കഴിഞ്ഞതായി റിപ്പോർട്ട്. ഏകദിന ലോകകപ്പിന് വേണ്ടി 20 ഇന്ത്യൻ താരങ്ങളുടെ സാധ്യതാ പട്ടിക സെലക്ഷൻ കമ്മിറ്റി തയ്യാറാക്കിയതായിട്ടുണ്ടെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഈ താരങ്ങളുടെ ഈ ഐപിഎൽ സീസണിലെ പ്രകടനം നിരീക്ഷിച്ചു അവസാന സ്‌ക്വാഡിനെ കണ്ടെത്തുമെന്നാണ് റിപ്പോർട്ട്.

അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് താരങ്ങളുടെ പ്രകടനം വിലയിരുത്തുന്നത്. എസ്എസ്ദാസ്, ആർപി സിംഗ്, അജയ് രത്ര, പ്രഗ്യാൻ ഓജ എന്നിവർ വിവിധ നഗരങ്ങളിലായി ക്യാമ്പ് ചെയ്ത് താരങ്ങളുടെ താരങ്ങളുടെ പ്രകടനങ്ങളും ഫിറ്റ്നസും വിലയിരുത്തും. യുവതാരങ്ങളെ കൂടാതെ സീനിയർ താരങ്ങളായ രോഹിത് ശർമയുടെയും വിരാട് കോഹ്‌ലിയുടെയും പ്രകടനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുമെന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്ര തലത്തിൽ ഏകദിന ഫോർമാറ്റിൽ മാത്രം കളിയ്ക്കുന്ന സൂപ്പർ താരങ്ങളുടെ ഭാവിയ്ക്ക് ലീഗിലെ പ്രകടനം നിർണ്ണായകമാകുമെന്നാണ് റിപ്പോർട്ട്.

​ലിസ്റ്റിലെ 20 പേരുകളും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും പ്രധാനമായും പേസ് ബോളിങ് നിരയെയാണ് ബിസിസിഐ പ്രധാനമായും നിരീക്ഷിക്കുകയെന്നാണ് സൂചന. ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുടെ ഫിറ്റ്നസ് ആണ് ഇവിടെ പ്രധാനമായും വിലയിരുത്തപ്പെടുക. മുഹമ്മദ് സിറാജ്, ഹാർദിക് പാണ്ഡ്യ, ​അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ ഈ 20 പേരിൽ ഉൾപ്പെട്ടതായാണ് സൂചന. സീനിയർ പേസർ മുഹമ്മദ് ഷമിയുടെ പേര് ലിസ്റ്റിൽ ഇല്ലെന്നത് ശ്രദ്ധേയമാണ്.

ടി20 ലോകകപ്പില്‍ തിളങ്ങിയ മലയാളി താരം സഞ്ജു സാംസണും സാധ്യതാ പട്ടികയിലുണ്ടെന്നാണ് സൂചന. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തുന്ന യുവ താരങ്ങളെയും പട്ടികയിലേക്ക് പരിഗണിച്ചേക്കും. അടുത്ത വർഷം ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ, നമീബിയ എന്നിവിടങ്ങളിലാണ് ഏകദിന ലോകകപ്പ് നടത്തുന്നത്.

Content Highlights: 2027 ODI World Cup; BCCI Finalises 20 Probables, IPL 2026 to Decide Final Squad: Report

To advertise here,contact us