

മലയാളി സൂപ്പർ താരം സഞ്ജു സാംസണെ ചെന്നൈ സൂപ്പർ കിംഗ്സ് ഇപ്പോൾ ക്യാപ്റ്റനാക്കരുതെന്ന് മുൻതാരം മുഹമ്മദ് കൈഫ്. നിലവിലെ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദ് തന്നെയാണ് സിഎസ്കെയെ നയിക്കേണ്ടതെന്നും സഞ്ജുവിനെ ക്രമേണ നായകസ്ഥാനത്ത് എത്തിച്ചാല്‍ മതിയെന്നും കൈഫ് പറഞ്ഞു. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായിരുന്ന സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലെത്തുമ്പോൾ നായക സ്ഥാനത്തേക്ക് എത്തുമോയെന്ന ചോദ്യം ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തന്റെ യുട്യൂബ് ചാനലിലൂടെയായിരുന്നു കൈഫ് പ്രതികരിച്ചത്.
'സഞ്ജു സാംസണെ ഇപ്പോൾ തന്നെ ക്യാപ്റ്റൻ സ്ഥാനം നല്‍കിക്കൊണ്ടുള്ള തെറ്റ് സിഎസ്കെ ചെയ്യുമെന്ന് കരുതുന്നില്ല. കാരണം അദ്ദേഹം ഇപ്പോള്‍ ടീമിലെത്തിയതേയുള്ളൂ. അദ്ദേഹം എല്ലാം ഒറ്റയടിക്ക് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത് ശരിയല്ല. ബാറ്റും ചെയ്യണം, വിക്കറ്റ് കീപ്പറുമാകണം, ടീമിനെ വിജയിപ്പിക്കുകയും വേണം. എല്ലാ ഭാരവും സഞ്ജുവിന് മേല്‍ ചുമത്തേണ്ടതില്ല സഞ്ജുവിനെ ക്രമേണ ക്യാപ്റ്റനാക്കുകയാണ് വേണ്ടത്. ധോണിയെ പോലെ പതുക്കെ സഞ്ജുവിനെ ക്യാപ്റ്റനാക്കി മാറ്റുക. അത്തരത്തിലൊരു ദീര്‍ഘവീക്ഷണമാണ് വേണ്ടത്. സിഎസ്കെയില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. ഗെയ്ക്വാദ് ക്യാപ്റ്റനായി തുടരുന്നതാണ് ഉചിതം'
'ചെന്നൈയുടെ രീതികള്‍ സഞ്ജു പഠിച്ചുവരുന്നതേയുള്ളൂ. അതുകൊണ്ട് ഇപ്പോള്‍ അദ്ദേഹത്തെ ക്യാപ്റ്റനാക്കിയാല്‍ അത് അപക്വമായിരിക്കും. ഗെയ്ക്വാദിനെ ഇതിനകം ചുമതല ഏല്പിച്ചതിനാല് ഇനി സിഎസ്കെ തിരക്കുകൂട്ടില്ല. അവര്‍ ഗെയ്ക്വാദിനെ ഇപ്പോള്‍ പിന്തുണയ്ക്കും. അതുകൊണ്ട് തന്നെ സഞ്ജുവിന് ഇപ്പോള്‍ ക്യാപ്റ്റന്‍സി നല്കിയാല് അത് തെറ്റായ തീരുമാനമായിരിക്കുമെന്ന് കരുതുന്നു. സഞ്ജുവിന് ചെന്നൈയുടെ രീതികളെക്കുറിച്ചോ, ആരാധകരുടെ പ്രതീക്ഷകളെക്കുറിച്ചോ ഇപ്പോള്‍ പൂര്‍ണ ധാരണയുണ്ടാകണമെന്നില്ല', കൈഫ് ചൂണ്ടിക്കാട്ടി.
മികച്ച ഫോമിലുള്ള സഞ്ജു അടുത്ത ഐപിഎൽ സീസണിൽ ചെന്നൈയുടെ വലിയ ബാറ്റിങ് പ്രതീക്ഷയാണ്. ലോകകപ്പ് വിജയത്തിനു ശേഷം ചെന്നൈ ടീം ക്യാംപിൽ ചേർന്ന സഞ്ജു ഈ സീസണില്‍ ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കുമെന്നുതന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
മാർച്ച് 30നാണ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ സീസണിലെ ആദ്യ മത്സരം. ഗുവാഹത്തിയിലെ ബരസ്പര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെയാണ് സിഎസ്കെ നേരിടുന്നത്. ഈ കളിയില്‍ തന്നെ സഞ്ജു ടീമിന്റെ ടോപ് ഓർഡർ ബാറ്ററായി ഇറങ്ങുമെന്നാണു പ്രതീക്ഷ. സഞ്ജുവിന്റെ പഴയ ടീമായ രാജസ്ഥാൻ റോയൽസാണ് ആദ്യ മത്സരത്തിൽ ചെന്നൈയുടെ എതിരാളികൾ. വെറ്ററൻ താരം മഹേന്ദ്ര സിങ് ധോണി ഇംപാക്ട് പ്ലേയറായി കളിക്കാൻ സഞ്ജു ടീമിന്റെ വിക്കറ്റ് കീപ്പറായേക്കും.
Content Highlights: 'Don’t think CSK will make the mistake of giving Sanju Samson the captaincy', says Mohammad Kaif