'ഗെയ്‌ലിന്റെ റെക്കോര്‍ഡ് തകർക്കണം'; ഐ പി എൽ ലക്ഷ്യം തുറന്നുപറഞ്ഞ് വൈഭവ് സൂര്യവംശി

ഐപിഎൽ 2026 സീസണിനായുള്ള തയ്യാറെടുപ്പിലാണ് കൗമാരതാരം വൈഭവ് സൂര്യവംശി

ഐപിഎൽ 2026 സീസണിനായുള്ള തയ്യാറെടുപ്പിലാണ് കൗമാരതാരം വൈഭവ് സൂര്യവംശി. കഴിഞ്ഞ സീസണില്‍ രാജസ്ഥാനായി ഉജ്ജ്വല പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഇപ്പോള്‍ ഐപിഎല്ലിലെ തന്റെ ലക്ഷ്യം ക്രിസ് ഗെയ്‌ലിന്റെ റെക്കോര്‍ഡ് തകര്‍ക്കുകയെന്നതാണെന്ന് പറയുകയാണ് സൂര്യവംശി. ബിസിസിഐ അവാര്‍ഡ്സില്‍ വൈഭവ് സൂര്യവംശിക്ക് മുന്നില്‍ ഹര്‍ഷ ബോഗ്ലെ വെച്ച മൂന്ന് ഓപ്ഷനുകളില്‍ നിന്നാണ് ക്രിസ് ഗെയ്‌ലിന്റെ റെക്കോര്‍ഡ് തകര്‍ക്കുയാണ് ലക്ഷ്യമെന്ന് താരം വെളിപ്പെടുത്തിയത്.

ഐപിഎല്ലിലെ ഏതെങ്കിലും റെക്കോര്‍ഡ് തകര്‍ക്കാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് മുന്‍ വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ റെക്കോഡ് തകര്‍ക്കണമെന്നാണ് വൈഭവ് മറുപടി പറഞ്ഞത്. 175 റണ്‍സിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ആഗ്രഹിക്കുന്നതായി കൗമാരതാരം തുറന്നുപറഞ്ഞു. ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന ക്രിസ് ഗെയ്‌ലിന്റെ റെക്കോഡ് ഇതുവരെ ആരും തകര്‍ത്തിട്ടില്ല.

2025ലെ ഐപിഎല്‍ മെഗാ ലേലത്തില്‍ 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് വൈഭവിനെ ടീമിലെത്തിച്ചത്. ഇതോടെ ഐപിഎല്‍ കരാര്‍ ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു വൈഭവ്. 14-ാം വയസില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സെഞ്ച്വറി നേടിയ താരം ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. ശേഷം ഇന്ത്യക്കൊപ്പം യൂത്ത് ഏകദിനങ്ങളിലും ടെസ്റ്റുകളിലും മിന്നി. അണ്ടർ 19 ലോകകപ്പ്, ഏഷ്യ കപ്പ്, എന്നീ ടൂര്ണമെന്റുകളിലും തകർത്താടിയ വൈഭവ് മിന്നും ഫോമിലാണ് ഐ പി എൽ തന്റെ രണ്ടാം സീസണിന് എത്തുന്നത്.

Content Highlights: vaibhav suryavanshi aims to break chris gayle 175 record ipl 2026

To advertise here,contact us