രണ്ടാം ടി 20 യിൽ പ്രോട്ടീസിനെ തകർത്ത് കിവികൾ; പരമ്പരയിൽ ഒപ്പത്തിനൊപ്പം

ടി20 ലോകകപ്പ് ഫൈനലില്‍ തോറ്റതിന്റെ നിരാശയില്‍ നാട്ടില്‍ ടി20 പരമ്പര കളിക്കാനിറങ്ങിയ ന്യൂസിലന്‍ഡ് ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ദയനീയ പരാജയമേറ്റു വാങ്ങിയിരുന്നു.

ടി20 ലോകകപ്പ് ഫൈനലില്‍ തോറ്റതിന്റെ നിരാശയില്‍ നാട്ടില്‍ ടി20 പരമ്പര കളിക്കാനിറങ്ങിയ ന്യൂസിലന്‍ഡ് ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ദയനീയ പരാജയമേറ്റു വാങ്ങിയിരുന്നു. എന്നാല്‍ രണ്ടാം പോരാട്ടത്തില്‍ അവര്‍ ഗംഭീര തിരിച്ചു വരവ് നടത്തി. രണ്ടാം മത്സരത്തില്‍ കിവികള്‍ പ്രോട്ടീസിനെ 68 റണ്‍സുകള്‍ക്ക് വീഴ്ത്തി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും 1-1 എന്ന നിലയില്‍.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 175 റണ്‍സാണ് അടിച്ചത്. ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 15.3 ഓവറില്‍ വെറും 107 റണ്‍സില്‍ അവസാനിപ്പിച്ചാണ് കിവീസ് ജയം പിടിച്ചത്. ലോകകപ്പ് കളിച്ച ടീമിലെ മിക്ക താരങ്ങള്‍ക്കും വിശ്രമം അനുവദിച്ചാണ് ന്യൂസിലന്‍ഡ് നാട്ടില്‍ ടി20 പരമ്പരയ്ക്കിറങ്ങിയത്.

മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ലോക്കി ഫെര്‍ഗൂസന്‍, ബെന്‍ സീര്‍സ് എന്നിവരുടെ മികവാണ് കിവികള്‍ക്ക് ജയമൊരുക്കിയത്. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ 2 വിക്കറ്റെടുത്തു. കോള്‍ മക്കോന്‍കി, ജെയിംസ് നീഷം എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

12 പന്തില്‍ 3 വീതം സിക്‌സും ഫോറും സഹിതം 33 റണ്‍സടിച്ച ജോര്‍ജ് ലിന്‍ഡാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. വിയാന്‍ മള്‍ഡര്‍ (16), റുബിന്‍ ഹെര്‍മാന്‍ (19), ജാസന്‍ സ്മിത്ത് (12), ഡിയാന്‍ ഫോറസ്റ്റര്‍ (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

നേരത്തെ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ നേടിയ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് പൊരുതാവുന്ന സ്‌കോറില്‍ ന്യൂസിലന്‍ഡ് എത്തിയത്. താരം 49 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം 60 റണ്‍സെടുത്തു. നിക്ക് കെല്ലി (21), സാന്റ്‌നര്‍ (20) എന്നിവരുടെ ബാറ്റിങ്ങും കിവികളെ തുണച്ചു.

Content Highlights: new-zealand-beat-south-africa-2nd-t20i-series-level-1-1

To advertise here,contact us