ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കഴിഞ്ഞ സീസണിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി അമ്പരപ്പിച്ച കൗമാരതാരം വൈഭവ് സൂര്യവംശിയെക്കുറിച്ചുള്ള രസകരമായ വെളിപ്പെടുത്തലുമായി രാജസ്ഥാൻ റോയൽസിന്റെ മുൻ ക്യാപ്റ്റൻ സഞ്ജു സാംസൺ. ഐപിഎൽ 2025 സീസണിൽ വൈഭവ് അരങ്ങേറിയ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിന് മുന്നോടിയായി ടീം മെന്റർ രാഹുൽ ദ്രാവിഡും വൈഭവും തമ്മിൽ നടന്ന സംഭാഷണമാണ് സഞ്ജു പങ്കുവെച്ചത്. ന്യൂഡൽഹിയിൽ നടന്ന നമൻ അവാർഡ്സ് ചടങ്ങിലായിരുന്നു സഞ്ജുവിന്റെ ഈ പ്രതികരണം.
പ്രായം കുറഞ്ഞ താരമായതുകൊണ്ടുതന്നെ വൈഭവിന് ആവശ്യമായ ഉപദേശങ്ങൾ നൽകാൻ രാഹുൽ ദ്രാവിഡ് തന്നെ സമീപിച്ച സംഭവമാണ് സഞ്ജു തുറന്നുപറഞ്ഞത്. 'രാഹുല്‍ സര് എന്നെ മുറിയിലേക്ക് വിളിച്ചിട്ട് ഇങ്ങനെ പറഞ്ഞു, 'സഞ്ജൂ, നമുക്ക് അവനോട് സംസാരിക്കണം. അവന് വളരെ ചെറിയ കുട്ടിയാണ്, എങ്ങനെ കളിക്കണമെന്ന് അവന് നമ്മള് പറഞ്ഞു കൊടുക്കണം'. ശേഷം രാഹുൽ സർ വൈഭവിനെ വിളിച്ചുവരുത്തി ചോദിച്ചു, 'വൈഭവ്, എന്താണ് നിന്റെ പ്ലാന്‍?'. 'പ്രത്യേകിച്ച് പ്ലാൻ ഒന്നുമില്ല സര്, ഞാന്‍ കളിക്കും' എന്നായിരുന്നു അവന്റെ മറുപടി', സഞ്ജു പറഞ്ഞു.
രാഹുൽ സർ വീണ്ടും അവനോട് ചോദിച്ചു, 'നിന്റെ ഗെയിം പ്ലാൻ എന്താണ്?', 'ആദ്യ പന്ത് എന്റെ സോണില്‍ കിട്ടിയാല്‍ ഞാന്‍ അത് അടിച്ചു പറത്തും', എന്നായിരുന്നു വൈഭവ് നിസ്സാരമായി മറുപടി നല്‍കിയെന്ന് സഞ്ജു പറഞ്ഞു. ഒരു വീഡിയോ ഗെയിം കളിക്കുന്ന അതേ ലാഘവത്തോടെയാണ് വൈഭവ് ക്രിക്കറ്റിനെ സമീപിക്കുന്നതെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
“Agar hume pehla mila, pehle hi uda denge!” 😄Samson unveils Vaibhav Sooryavanshi’s simple yet very effective strategy behind his fearless gameplay! 🙌💪Watch BCCI Naman awards 👉https://t.co/8W5zMWhfvk pic.twitter.com/0f04IeP6S2
തന്റെ സോണിൽ പന്ത് കിട്ടിയാൽ ഒട്ടും മടിക്കാതെ സിക്സറടിക്കുമെന്ന ആത്മവിശ്വാസം ദ്രാവിഡിനെപ്പോലും അത്ഭുതപ്പെടുത്തിയെന്ന് സഞ്ജു ഓർത്തെടുത്തു. പറഞ്ഞതുപോലെ തന്നെ ആദ്യ പന്തുതന്നെ സിക്സറടിച്ചാണ് വൈഭവ് ഐപിഎല്ലിൽ തന്റെ വരവറിയിച്ചത്. കേവലം 13 വയസ്സുള്ളപ്പോൾ 1.10 കോടി രൂപയ്ക്കാണ് രാജസ്ഥാൻ താരത്തെ സ്വന്തമാക്കിയത്. അരങ്ങേറ്റത്തിൽ ഷാർദുൽ താക്കൂറിനെ സിക്സറിന് പറത്തിക്കൊണ്ട് തുടങ്ങിയ വൈഭവ്, ഗുജറാത്ത് ടൈറ്റൻസിനെതിരെ വെറും 38 പന്തിൽ സെഞ്ച്വറി നേടി ചരിത്രം കുറിച്ചു.
ഐപിഎല്ലിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡിനൊപ്പം ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയും വൈഭവ് തന്റെ പേരിൽ കുറിച്ചു. ഏഴ് മത്സരങ്ങളിൽ നിന്ന് 206.55 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിൽ 252 റൺസാണ് താരം അടിച്ചുകൂട്ടിയത്.
Content Highlights: Sanju Samson Recalls Vaibhav Suryavanshi's Bold Plan With Rahul Dravid Ahead Of IPL Debut