ബംഗ്ലാദേശിനെതിരായ നിർണായകമായ മൂന്നാം ഏകദിനത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെ പരാതിയുമായി പാകിസ്താൻ ക്രിക്കറ്റ് ടീം മാനേജ്മെന്റ്. മത്സരത്തിലെ അമ്പയറായ കുമാര്‍ ധര്‍മ്മസേനയുടെ ഒരു തീരുമാനത്തിനെതിരെ മാച്ച് റഫറി നിയാമുര്‍ റാഷിദിനാണ് പാകിസ്ഥാന് പരാതി നല്‍കിയത്.
ധാക്കയിലെ ഷേര്‍ ഇ ബംഗ്ല സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 11 റണ്‍സിനായിരുന്നു പാകിസ്താന്റെ തോല്‍വി. 291 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താൻ സല്മാന് അലി അഗയുടെ സെഞ്ച്വറിയുടെ മികവില്‍ വിജയത്തിനടുത്തെത്തിയെങ്കിലും അവസാന ഓവറില്‍ നാടകീയമായ സംഭവങ്ങള്‍ അരങ്ങേറുകയായിരുന്നു.
റിഷാദ് ഹൊസൈന്‍ എറിഞ്ഞ അവസാന ഓവറില്‍ പാകിസ്ഥാന് ജയിക്കാന്‍ 14 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആദ്യ നാല് പന്തുകളില്‍ നിന്ന് 2 റണ്‍സ് മാത്രം ലഭിച്ചതോടെ ലക്ഷ്യം രണ്ട് പന്തില്‍ 12 റണ്‍സായി മാറി. അഞ്ചാമത്തെ പന്ത് അമ്പയര്‍ കുമാര്‍ ധര്‍മ്മസേന വൈഡ് വിളിച്ചു. എന്നാല്‍ ബംഗ്ലാദേശ് താരം റിഷാദ് ഹൊസൈനും വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസും ഇത് ബാറ്റില്‍ തട്ടിയ പന്താണെന്ന് വാദിക്കുകയും റിവ്യൂ എടുക്കുകയും ചെയ്തു. അള്‍ട്രാ എഡ്ജില്‍ പന്ത് ബാറ്റില്‍ തട്ടിയതായി വ്യക്തമായതോടെ അമ്പയര്‍ക്ക് തീരുമാനം തിരുത്തേണ്ടി വന്നു.
ഡിആര്‍എസ് പ്രോട്ടോക്കോളുകള്‍ ലംഘിക്കപ്പെട്ടുവെന്നാണ് പാകിസ്താൻ മാനേജ്മെന്റ് ആരോപിക്കുന്നത്. സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനില്‍ പന്തിന്റെ റീപ്ലേ കാണിച്ചതിന് ശേഷമാണ് ബംഗ്ലാദേശ് റിവ്യൂ എടുത്തതെന്ന് പാകിസ്താൻ വാദിക്കുന്നു. നിയമപ്രകാരം റീപ്ലേകള്‍ കാണിക്കുന്നതിന് മുന്‍പ് തന്നെ റിവ്യൂ എടുത്തിരിക്കണം. റിവ്യൂ എടുക്കാനുള്ള 15 സെക്കന്‍ഡ് സമയപരിധി കഴിഞ്ഞാണ് ബംഗ്ലാദേശ് തീരുമാനം അറിയിച്ചതെന്നും പാകിസ്താൻ ആരോപിക്കുന്നു. ടിവി ബ്രോഡ്കാസ്റ്റില് ടൈമര്‍ കാണിക്കാതിരുന്നത് ഈ കാര്യത്തില്‍ കൂടുതൽ പ്രതിഷേധങ്ങൾക്ക് കാരണമായി.
Content Highlights: pakistan vs bangladesh 3rd odi umpire controversy