തന്റെ സഹഓപ്പണറായ അഭിഷേക് ശർമയെ പ്രശംസിച്ച് മലയാളി താരം സഞ്ജു സാംസൺ. ഇരുവരും മാറിമാറി ആക്രമണം നടത്തുന്ന രീതി കൈക്കൊള്ളുന്നതുകൊണ്ട് ഞങ്ങൾ തീയും ഐസുമല്ല, തീയും തീയും എന്നാണ് സഞ്ജു വിശേഷിപ്പിച്ചത്. ഇന്ത്യ ടുഡേ കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.
നേരിടുന്ന ആദ്യ പന്ത് തന്നെ ആക്രമിച്ച് കളിക്കുന്ന താരമാണ് അഭിഷേക് ശർമ. എന്നാൽ, ആദ്യ പന്തുകളെ ശ്രദ്ധിയോടെ നേരിട്ട് പിന്നീട് അഗ്രസീവ് മോഡ് ഓൺ ചെയ്യുന്നതാണ് സഞ്ജുവിന്റെ രീതി. അതുകൊണ്ട് തന്നെ തീയും ഐസും എന്നതാണ് ഇരുവർക്കും ലഭിച്ചിട്ടുള്ള വിശേഷണം. എന്നാൽ, അഭിഷേക് ശര്‍മയെ പോലെ താനും വളരെ അഗ്രസീവായി കളിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണെന്നും കാര്യങ്ങളെ വളരെ സിംപിളാക്കി നിര്‍ത്താനാണ് ശ്രമിക്കാറുള്ളതെന്നും സഞ്ജു സാംസണ് വ്യക്തമാക്കി.
'ഞങ്ങൾ തീയും ഐസുമല്ല, തീയും തീയുമാണ്. ചില സമയങ്ങളിൽ അവൻ കത്തും, ചിലപ്പോൾ ഞാനും. അത്തരമൊരു കൂട്ടുകെട്ടാണ് ഞങ്ങളുടേത്. 2024-ൽ ഈ രീതിയിൽ ഞങ്ങൾ കളിക്കുന്നു. ഒരു കേരളീയ - പഞ്ചാബി സൗഹൃദം ഞങ്ങൾക്കിടയിലുണ്ട്. എല്ലാം വളരെ സ്വാഭാവികമായി തന്നെ വരുന്നതാണ്. അതുകൊണ്ടു തന്നെ ഞങ്ങള്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകാറില്ല. ബോള്‍ എങ്ങനെയാണ് വരുന്നതെന്നു ബാറ്റിങിനിടെ അഭിഷേക് എന്നോടു ചോദിക്കും. സാധാരണ രീതിയിൽ ആണ് വരുന്നതെന്നും സിക്സടിച്ചോയെന്നുമായിരിക്കും ഞാന്‍ പറയുക.അഭിഷേക് വളരെ ധൈര്യശാലിയായ വ്യക്തിയാണ്. കളിക്കളത്തിന് അകത്തും പുറത്തുമെല്ലാം അഭിഷേകിനൊപ്പമുള്ള കൂട്ടുകെട്ട് എനിക്ക് ഏറെ ഇഷ്ടവുമാണ്'; സഞ്ജു വ്യക്തമാക്കി.
2024 ഓഗസ്റ്റിലാണ് ഇന്ത്യയുടെ ടി20 ഓപ്പണിങ് ജോടികളായി സഞ്ജു സാംസൺ - അഭിഷേക് ശർമ എന്നിവരെ ഗൗതം ഗംഭീര്‍ ആദ്യമായി പരീക്ഷിക്കുന്നത്. ഫസ്റ്റ് ചോയ്സായിരുന്ന ശുഭ്മന്‍ ഗില്‍-യശസ്വി ജയ്സ്വാള്‍ കൂട്ടുകെട്ടിന് ടെസ്റ്റ് മത്സരങ്ങളുള്ളതിനാൽ അവര്‍ക്കു വിശ്രമം നല്‍കിയാണ് പുതിയൊരു ഓപ്പണിങ് കോംബോ കൊണ്ടുവരാൻ ഗംഭീര്‍ തീരുമാനിക്കുന്നത്. ബംഗ്ലാദേശുമായുള്ള ആ പരമ്പരയില്‍ കന്നി സെഞ്ച്വറിയുമായാണ് ഓപ്പണറായുള്ള തന്റെ തുടക്കം സഞ്ജു ആഘോഷിച്ചത്. അതിനു ശേഷം സൗത്താഫ്രിക്കയില്‍ നടന്ന പരമ്പരയില്‍ രണ്ട് സെഞ്ച്വറികളുമായി അദ്ദേഹം ക്രിക്കറ്റ് ലോകത്തെ വീണ്ടും ഞെട്ടിച്ചു.
ഈ കൂട്ടുകെട്ട് വളരെ നന്നായി മുന്നോട്ടു പോകവെയാണ് കഴിഞ്ഞ ഏഷ്യാ കപ്പിനു തൊട്ടുമുമ്പ് ഗില്ലിനെ ടീമിലേക്കു തിരികെ വിളിച്ച അവര്‍ അദ്ദേഹത്തിനു വൈസ് ക്യാപ്റ്റന്‍സിയും നല്കി. ഇതോടെ മൂന്നു മുതല്‍ ആറു വരെയുള്ള സ്ഥാനങ്ങളില്‍ സഞ്ജുവിന് മാറി മാറി കളിക്കേണ്ടിയും വന്നു. ഇത് അദ്ദേഹത്തിന്റെ പ്രകടനത്തെയും ബാധിച്ചു. എന്നാൽ, ടീമിൽ തിരിച്ചെത്തിയ ഗില്ലിന് പ്രതീക്ഷയ്ക്കൊത്ത് തിളങ്ങാനുമായിരുന്നില്ല.
പക്ഷെ, ട്വന്റി20 ലോകകപ്പിൽ കണ്ടത് സഞ്ജുവിന്റേ് ഐതിഹാസിക തിരിച്ചുവരവായിരുന്നു. ആദ്യ മത്സരങ്ങളിൽ ഒട്ടുംതന്നെ തിളങ്ങാനാവാതെ പോയ പിന്നീട് കളിക്കളത്തിൽ നിറഞ്ഞാടി. സെലക്ടർമാരുടെയും ടീം മാനേജ്മെന്റിന്റെയും സ്വജനപക്ഷപാതപരമായ നിലപാടുകളാൽ ടീമിൽ സ്ഥിരസാന്നിധ്യമല്ലാതിരുന്ന സഞ്ജു ലഭ്യമായ അവസരങ്ങൾ മുതലെടുത്തു. വെസ്റ്റ് ഇൻഡീസിനെതിരെ ക്വാർട്ടർഫൈനലിന് തുല്യമായ സൂപ്പർ എട്ട് മത്സരത്തിലും പിന്നാലെ സെമിയിലും ഫൈനലിലും അർധ സെഞ്ചുറികളുമായി കണക്കുതുർത്തു. ടൂർണമെന്റിൽ ഇന്ത്യയുടെ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർ എന്ന ബഹുമതിക്കൊപ്പം പ്ലയർ ഓഫ് ദ ടൂർണമെന്റ് പുരസ്കാരവും നേടി. അഞ്ച് ഇന്നിങ്സിൽ 80.25 ശരാശരിയിൽ 199.37 സ്ട്രൈക്ക് റേറ്റോടെ 321 റൺസ് ആയിരുന്നു സഞ്ജു അന്ന് അടിച്ചുകൂട്ടിയത്.
Content highlights: Sanju Samson about his opening partner Abhishek Sharma