ഐസിസി ടി20 ലോകകപ്പിലെ തോൽവിക്ക് പിന്നാലെ വീണ്ടും വിവാദത്തിലായി പാകിസ്താൻ ക്രിക്കറ്റ്. പാക് താരം ബാബര്‍ അസം, ഫഖര്‍ സമാന്, സല്മാന് മിര്‍സ എന്നിവര്‍ ലോകകപ്പ് കളിച്ചത് പൂര്‍ണ കായികക്ഷമതയോടെ അല്ല എന്നതാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന പുതിയ വിവാദം. സെലക്ഷന് കമ്മിറ്റി അംഗം ആക്വിബ് ജാവേദാണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ബോര്‍ഡ് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആക്വിബ് ജാവേദ് ഈ ഗുരുതരമായ ആരോപണം ഉന്നയിച്ചത് രംഗത്തെത്തിയത്. ലോകകപ്പ് മത്സരങ്ങൾ കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴാണ് താരങ്ങളുടെ പരിക്കിനെക്കുറിച്ച് സെലക്ടര്‍മാര്‍ അറിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ബാബര്‍ അസം, ഫഖര്‍ സമാൻ എന്നിവർക്ക് നിലവില്‍ കളിക്കാനുള്ള പൂർണ കായികക്ഷമതയില്ല. ലോകകപ്പ് സമയത്ത് അവരുടെ കളി നിങ്ങൾ നിരീക്ഷിച്ചിരുന്നില്ലേ? പരിക്കുണ്ടായിട്ടും അത് മറച്ചുവെച്ചാണോ ഇവര്‍ ടീമില്‍ തുടര്‍ന്നത്? അദ്ദേഹം ചോദ്യമുയർത്തി. ഇക്കാര്യത്തില്‍ ബോര്‍ഡ് അന്വേഷണം നടത്തണമെന്നും താരങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ ഹെഡ് കോച്ചും ഫിസിയോയുമാണ് നോക്കേണ്ടതെന്നും പരിക്കുണ്ടായിരുന്നുവെങ്കില്‍ അത് സെലക്ടര്‍മാരായ ഞങ്ങളെ അറിയിക്കേണ്ടതായിരുന്നുവെന്നും ആക്വിബ് ജാവേദ് ചൂണ്ടിക്കാട്ടി.
ശ്രീലങ്കയ്ക്കെതിരായ നിര്‍ണ്ണായക സൂപ്പര്‍ 8 മത്സരത്തില്‍ ബാബര്‍ അസമിനെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കൂടാതെ, നിലവില്‍ ബംഗ്ലാദേശിനെതിരെ നടക്കുന്ന പരമ്പരയിലും നാഷണല്‍ ടി20 ചാമ്പ്യന്‍ഷിപ്പിലും ബാബര്‍ കളിക്കാത്തത് പരിക്കു മൂലമാണെന്നും ആക്വിബ് വ്യക്തമാക്കി. എന്നാൽ, ആക്വിബ് ജാവേദ് താരത്തിന്റെ പരിക്കിനെ കുറിച്ച് പറയുമ്പോഴും, ബാബര്‍ അസം തന്റെ ബാറ്റിംഗ് സാങ്കേതികതയിലെ പിഴവുകള്‍ തിരുത്താനാണ് വിട്ടുനില്‍ക്കുന്നതെന്നാണ് പുറത്തുവരുന്ന മറ്റ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 26ന് ആരംഭിക്കുന്ന പാകിസ്ഥാന് സൂപ്പര്‍ ലീഗിന് മുന്നോടിയായി ഫോം വീണ്ടെടുക്കാനുള്ള കഠിനശ്രമത്തിലാണ് താരമെന്നും സൂചനകളുണ്ട്. ടി20 ലോകകപ്പിലെ മോശം പ്രകടനം കണക്കിലെടുത്ത് ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ ഫിറ്റ്നസിനെക്കുറിച്ചുള്ള ആരോപണങ്ങൾ ഉയർന്ന് വന്നത്.
Content highlight: Pak player Babar Azam hide his injury to play in ICC T20 World Cup 2026