ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയപ്പോൾ താരമായത് സഞ്ജു സാംസണായിരുന്നു. ടൂർണമെന്റിന്റെ തുടക്കത്തിൽ അവസരം കിട്ടിയില്ലെങ്കിലും അവസാന മത്സരങ്ങളിൽ സഞ്ജു നടത്തിയ മിന്നൽ പ്രകടനമാണ് ഇന്ത്യയെ കിരീടം നിലനിർത്താൻ സഹായിച്ചത്. തുടർച്ചയായ മൂന്ന് അർദ്ധസെഞ്ച്വറികളുമായി ടൂർണമെന്റിലെ മികച്ച താരമായി സഞ്ജു തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
വെസ്റ്റ് ഇന്‍ഡീസിനേതിരായ സൂപ്പര്‍ 8 മത്സരത്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജുവിന് നേരിയ വ്യത്യാസത്തില്‍ സെഞ്ചുറി നഷ്ടമായിരുന്നു. ഇംഗ്ലണ്ടിനെതിരായ സെമിയില്‍ 89 റണ്‍സില്‍ നില്‍ക്കെ കൂറ്റനടിക്ക് ശ്രമിച്ച് സഞ്ജുവിന് വീണ്ടും വിക്കറ്റ് നഷ്ടമായി. ഫൈനലിലും 89 റൺസിലെത്തി താരം മടങ്ങി.
സഞ്ജുവിനോട് ഒരു സെഞ്ച്വറിയെങ്കിലും നീ നേടണമെന്ന് ആവശ്യപ്പെട്ടുവെന്നും അപ്പോള്‍ സഞ്ജു പറഞ്ഞ മറപടി അപ്രതീക്ഷിതമായിരുന്നുവെന്നും ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് സിതാൻഷു കോട്ടക് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിലാണ് കോട്ടക് ഈ സംഭവം വിവരിച്ചത്.
സഞ്ജു, നീ ഒരു സെഞ്ച്വറി എങ്കിലും നേടണം എന്ന് ഞാൻ പറഞ്ഞു. അപ്പോൾ ചിരിച്ചുകൊണ്ടായിരുന്നു അവന്റെ മറുപടി: 'കോട്ടക് ഭായ്, ഒരു വശത്ത് ടീമിന് വ്യക്തിഗത നേട്ടങ്ങളല്ല പ്രധാനം എന്ന് നിങ്ങൾ പറയുന്നു, മറുവശത്ത് എന്നോട് സെഞ്ച്വറി അടിക്കാനും പറയുന്നു. ഇത് രണ്ടും എങ്ങനെ ഒരേസമയം സാധ്യമാകുമെന്നായിരുന്നു സഞ്ജു തിരിച്ചു ചോദിച്ചത്.
സഞ്ജുവിന്റെ ഈ പക്വതയാർന്ന മറുപടി തന്നെ അത്ഭുതപ്പെടുത്തിയെന്ന് കോട്ടക് കൂട്ടിച്ചേർത്തു. വ്യക്തിഗത നേട്ടങ്ങളേക്കാൾ ടീമിന്റെ വിജയത്തിനാണ് താൻ മുൻഗണന നൽകുന്നതെന്ന് സഞ്ജു ആ വാക്കുകളിലൂടെ വ്യക്തമാക്കുകയായിരുന്നു.
ടൂർണമെന്റിന് മുൻപ് മോശം ഫോമിലായിരുന്ന സഞ്ജു, നിർണ്ണായക ഘട്ടത്തിൽ ടീമിന് ആവശ്യമായ പ്രകടനം പുറത്തെടുക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും കോട്ടക് പറഞ്ഞു. ടീമിന് എപ്പോൾ എന്നെ ആവശ്യമുണ്ടോ, അപ്പോൾ ഞാൻ എന്റെ സംഭാവന നൽകും എന്നായിരുന്നു സഞ്ജു എപ്പോഴും പറഞ്ഞിരുന്നതെന്നും കൊട്ടക് ഓർത്തെടുത്തു.
Content Highlights:sanju samson reply to batting coach sitanshu kotak about century