ക്രീസില്‍ നിന്നിറങ്ങി വന്ന് പന്തെടുത്തുകൊടുത്തു; പാക് ബാറ്ററെ റണ്ണൗട്ടാക്കി ബംഗ്ലാദേശ് താരം, വിവാദം

ഡ്രസിങ് റൂമിലേക്ക് മടങ്ങുന്ന വഴി തന്റെ ഹെൽമെറ്റും ഗ്ലൗസും വലിച്ചെറിഞ്ഞ് സൽമാൻ ത​ന്റെ അമർഷം പ്രകടമാക്കുകയും ചെയ്തു

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ പാകിസ്താന്‍ ബാറ്റര്‍ സല്‍മാന്‍ അലി ആഗ റണ്ണൗട്ടായി മടങ്ങിയത് വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ധാക്കയിലെ ഷേർ-ഇ-ബംഗ്ലാ നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് അത്യപൂർവവും വിചിത്രവുമായ രീതിയിൽ സൽമാൻ അലി ആ​ഗ പുറത്തായത്. ഈ അസാധാരണ രീതിയിലെ പുറത്താകൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായി കഴിഞ്ഞു.

സുപ്രധാനമായ ഒരു കൂട്ടുകെട്ട് തകർത്ത ഈ റണ്ണൗട്ട് പാകിസ്താൻ നിരയിൽ വലിയ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. പാകിസ്താൻ ഇന്നിങ്സിന്‍റെ 39-ാം ഓവറിലായിരുന്നു നാടകീയമായ നിമിഷം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന് തുടക്കത്തിൽ തന്നെ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായിരുന്നു. എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച മുഹമ്മദ് റിസ്വാനും സൽമാൻ അലി ആഗയും ചേർന്ന് ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് 109 റൺസിന്‍റെ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി മുന്നേറവേയാണ് കളിയുടെ ​ഗതിയെ തന്നെ മാറ്റിയ അപ്രതീക്ഷിത സംഭവം ഉണ്ടായത്.

മെഹ്ദി ഹസൻ എറിഞ്ഞ പന്ത് സ്ട്രൈക്കിങ് എൻഡിലുണ്ടായിരുന്ന മുഹമ്മദ് റിസ്‌വാൻ ആ ഡെലിവറിയിൽ ബോളർക്ക് നേരെ ഷോട്ട് കളിച്ചു. പന്ത് ബൗളറുടെ ബൂട്ടിന് അരികിലായി നിന്നു. ഈ സമയം നോൺ-സ്‌ട്രൈക്കേഴ്സ് എൻഡിലായിരുന്ന സൽമാൻ അലി ആഘ ക്രീസിന് പുറത്തായിരുന്നു നിന്നിരുന്നത്. പന്ത് കൈവശപ്പെടുത്താൻ ബോളർ മെഹ്ദി ഹസൻ ഓടിയെത്തിയെങ്കിലും, അതിനു മുൻപേ സൽമാൻ ആഗ കുനിഞ്ഞ് പന്ത് കയ്യിലെടുത്ത് ബൗളർക്ക് കൈമാറാൻ ശ്രമിച്ചു. എന്നാൽ താരം ക്രീസിന് പുറത്താണെന്ന് മനസ്സിലാക്കിയ മെഹ്ദി ഹസൻ ഉടൻ തന്നെ പന്ത് വാങ്ങി സ്റ്റംപ് ഇളക്കുകയും റണ്ണൗട്ടിനായി അപ്പീൽ ചെയ്യുകയും ചെയ്‌തു.

Crucial moment! Mehidy Hasan Miraz removes Salman Agha with a brilliant run-out. ⚡🏏#BCB #Cricket #Bangladesh #Pakistan #ODI pic.twitter.com/N0inKkZVwz

സൽമാൻ ക്രീസിന് പുറത്തായതിനാൽ അമ്പയർ ഔട്ട് വിളിച്ചു. 64 റൺസെടുത്ത് നിൽക്കെയാണ് സൽമാൻ മടങ്ങിയത്. ​പുറത്തായതിന് പിന്നാലെ മെഹ്ദി ഹസനോട് സൽമാൻ അലി ആഘ കയർക്കുന്നത് കാണാമായിരുന്നു. ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ലിറ്റൺ ദാസും ഇരുവർക്കും ഇടയിലേക്ക് എത്തി. സഹതാരം റിസ്‌വാൻ ഇടപെട്ടാണ് സൽമാനെ ശാന്തനാക്കി ഡ്രസ്സിങ് റൂമിലേക്ക് മടക്കി അയച്ചത്. ഡ്രസിങ് റൂമിലേക്ക് മടങ്ങുന്ന വഴി തന്റെ ഹെൽമെറ്റും ഗ്ലൗസും വലിച്ചെറിഞ്ഞ് സൽമാൻ ത​ന്റെ അമർഷം പ്രകടമാക്കുകയും ചെയ്തു.

Content Highlights: Salman Ali Agha run-out sparks controversy during PAK vs BAN 2nd ODI

To advertise here,contact us