

പാകിസ്താൻ സ്പിന്നർ അബ്രാർ അഹമ്മദിനെ ഇംഗ്ലണ്ട് ലീഗായ ദി ഹണ്ട്രഡിൽ ഇന്ത്യൻ ഫ്രാഞ്ചൈസിയായ സൺറൈസേഴ്സ് ലീഡ്സ് സ്വന്തമാക്കിയതിൽ പ്രതികരണവുമായി ബിസിസിഐ. ഇക്കാര്യത്തിൽ ബിസിസിഐയ്ക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നാണ് പ്രസിഡന്റ് രാജീവ് ശുക്ലയുടെ പ്രതികരണം. വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവേയാണ് രാജീവ് ശുക്ല വിവാദത്തെ കുറിച്ച് സംസാരിച്ചത്.
'ഇത് ഞങ്ങളുടെ അധികാരപരിധിയിൽ വരുന്നതല്ല. ഇത് വിദേശ ലീഗുകളുടെ കാര്യമാണ്, ആ ലീഗ് ഇക്കാര്യത്തിൽ തീരുമാനമെടുക്കണം. ബിസിസിഐക്ക് ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ല', എന്ന് അദ്ദേഹം പറഞ്ഞു.
അബ്രാർ അഹമ്മദിനെ സ്വന്തമാക്കിയതിനു പിന്നാലെ ടീമിനും ടീം ഉടമ കാവ്യ മാരനുമെതിരേ വലിയ തോതിലുള്ള വിമർശനമാണ് ഉയരുന്നത്. സൈബർ ആക്രമണം മൂലം സൺറൈസേഴ്സ് ലീഡ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് സസ്പെൻഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഔദ്യോഗിക പ്രതികരണവുമായി ബിസിസിഐ രംഗത്തെത്തിയത്.
അതേസമയം ടീം മാനേജ്മെന്റ് ഇതുവരെ വിഷയത്തിൽ പ്രതികരിക്കാൻ തയാറായിട്ടില്ല. 2.34 കോടി രൂപ മുടക്കിയാണ് അബ്രാർ അഹമ്മദിനെ ടീമിലെടുത്തത്. താരലേലത്തിൽ പാകിസ്താൻ താരം ഉസ്മാൻ താരിഖിനെയും വിളിച്ചെടുക്കാൻ പദ്ധതിയുണ്ടായിരുന്നതായാണ് മുഖ്യ പരിശീലകൻ ഡാനിയൽ വെട്ടോറി പറയുന്നത്. എന്നാൽ അബ്രാർ അഹമ്മദിനെ ടീമിലെടുത്തതിനാൽ ആ പദ്ധതി ഉപേക്ഷിച്ചു.
Content Highlights: BCCI Reacts on Sunrisers Leeds signing Pakistan’s Abrar Ahmed