

2026 ടി20 ലോകകപ്പിലെ ചരിത്ര വിജയത്തിന് ശേഷം ഇന്ത്യയുടെ സൂപ്പർ താരം ശിവം ദുബെ നാട്ടിലേക്ക് മടങ്ങിയത് ട്രെയിനിൽ. അഹമ്മദാബാദിലെ ഫൈനല്‍ മത്സരത്തിനുശേഷം വിമാന ടിക്കറ്റുകൾ ലഭിക്കാതെ വന്നതോടെയാണ് താരം തേർഡ് എസിയിൽ യാത്ര ചെയ്ത് വീട്ടിലെത്തിയത്. ആരും തിരിച്ചറിയാതിരിക്കാൻ ഒളിച്ചിരുന്ന് താൻ നടത്തിയ യാത്രയെ കുറിച്ച് ശിവം ദുബെ തന്നെയാണ് പങ്കുവെച്ചത്.
റോഡ് മാര്‍ഗം പോകുന്നതിനേക്കാള്‍ വേഗത്തിലെത്താം എന്നതുകൊണ്ടാണ് ട്രെയിന്‍ യാത്ര തിരെഞ്ഞെടുത്തതെന്ന് ദുബെ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ദുബെയ്ക്കൊപ്പം ഭാര്യ അഞ്ജുമും ഒരു സുഹൃത്തുമാണ് ഉണ്ടായിരുന്നത്. ദുബെ ട്രെയിനില്‍ യാത്ര ചെയ്യുന്നത് ആരാധകര്‍ അറിഞ്ഞാലുള്ള തിരക്ക് ഒഴിവാക്കാനായി മാസ്കും തൊപ്പിയും നീളന്‍ ടീഷര്‍ട്ടുമാണ് ദുബെ ധരിച്ചത്. പുലര്‍ച്ചെ 5: 10നുള്ള ട്രെയിനിലാണ് താരം നാട്ടിലേക്ക് തിരിച്ചത്. ആരാധകര്‍ തിരിച്ചറിയാതിരിക്കാന്‍ അപ്പര്‍ ബര്‍ത്തില്‍ കിടന്നാണ് ദുബെ യാത്ര ചെയ്തത്.
വാഷ് റൂമിലേക്ക് പോയത് ഒഴികെ മുഴുവന്‍ സമയവും ബെര്‍ത്തില്‍ തന്നെയായിരുന്നെന്നും താരം പറഞ്ഞു. ശുചിമുറിയില്‍ പോകാന്‍ താഴെ ഇറങ്ങിയപ്പോഴും ആരും തന്നെ തിരിച്ചറിഞ്ഞില്ലെന്ന് ദുബെ പറയുന്നു. ടിക്കറ്റ് പരിശോധിക്കാൻ വന്ന ടിടിഇ ക്രിക്കറ്റ് താരമാണോ എന്ന് ചോദിച്ചെന്നും ഏയ്, അല്ലല്ല. അദ്ദേഹം എവിടെ നിന്ന് വരാനാണ്? എന്നാണ് ഭാര്യ മറുപടി നല്‍കിയതെന്നും ശിവം ദുബൈ പറഞ്ഞു. ബോറിവ്ലി സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ ആരാധകര്‍ കൂടുമെന്ന് ഭയപ്പെട്ടെങ്കിലും വലിയ ബുദ്ധിമുട്ടുകളില്ലാതെ വീട്ടിലെത്തിയെന്നും ശിവം ദുബെ കൂട്ടിച്ചേർത്തു.
Content Highlights: Shivam Dube opens up about his journey from Ahmedabad to Mumbai after clinching the T20 World Cup