ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യൻ ടീം അഹമ്മദാബാദിലെ ഹനുമാൻ ക്ഷേത്രത്തിൽ ട്രോഫിയുമായി ദർശനം നടത്തിയത് വിവാദമായിരുന്നു. ട്രോഫി ക്ഷേത്രത്തിൽ മാത്രം കൊണ്ടുപോയത് വിവേചനപരമാണെന്നും മറ്റ് ആരാധനാലയങ്ങളിൽ എന്തുകൊണ്ട് കൊണ്ടുപോയില്ലെന്നും ചോദ്യം ചെയ്ത് 1983 ലോകകപ്പ് ജേതാവും തൃണമൂൽ കോൺഗ്രസ് എംപിയുമായ കീർത്തി ആസാദ് രംഗത്തെത്തുകയും ചെയ്തു.
ഇപ്പോഴിതാ കീർത്തി ആസാദിന് മറുപടിയുമായി മുഖ്യപരിശീലകൻ ഗൗതം ഗംഭീർ രംഗത്തെത്തിയിരിക്കുകയാണ്. സ്വന്തം ടീമിനെയും കളിക്കാരെയും തരംതാഴ്ത്തുന്ന പ്രസ്താവനകളിൽ നിന്ന് പിന്മാറണമെന്ന് ഗംഭീർ തുറന്നടിച്ചു.
വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെയാണ് ഗംഭീർ തന്റെ നിലപാട് വ്യക്തമാക്കിയത്. ഇത്തരം ചോദ്യങ്ങൾ മറുപടി അർഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം മുഴുവൻ ആഘോഷിക്കുന്ന വലിയൊരു നിമിഷമാണിത്.
ഇത്തരം പ്രസ്താവനകൾ 15 കളിക്കാരുടെ കഠിനാധ്വാനത്തെയും നേട്ടത്തെയും വിലകുറച്ച് കാണിക്കാനേ ഉപകരിക്കൂ. ദക്ഷിണാഫ്രിക്കയോട് തോറ്റപ്പോൾ ഉണ്ടായ സമ്മർദ്ദങ്ങളെ അതിജീവിച്ചാണ് ഈ കുട്ടികൾ വിജയിച്ചത്. ഇന്ന് ഇത്തരം പ്രസ്താവനകൾ നടത്തുന്നതിലൂടെ നിങ്ങൾ നിങ്ങളുടെ സ്വന്തം ടീമിനെയും കളിക്കാരെയുമാണ് തരംതാഴ്ത്തുന്നത്. അത് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ്- ഗംഭീർ പറഞ്ഞു.
തങ്ങളുടെ വിജയം എങ്ങനെ ആഘോഷിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം കളിക്കാർക്കുണ്ടെന്നും അതിൽ രാഷ്ട്രീയമോ മതപരമായോ ഇടപെടുന്നത് ശരിയല്ലെന്നും ഗംഭീർ കൂട്ടിച്ചേർത്തു. മൂന്നാം ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യയുടെ അഭിമാനകരമായ നേട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ആഘോഷങ്ങളെ വിവാദമാക്കുന്നത് ദൗർഭാഗ്യകരമാണെന്നും ഗംഭീര്‍ പറഞ്ഞു.
അഹമ്മദാബാദില്‍ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ മുട്ടുകുത്തിച്ച് ഇന്ത്യ ലോകകിരീടം ചൂടിയതിന് പിന്നാലെയാണ് നായകൻ സൂര്യകുമാർ യാദവും ഐസിസി ചെയർമാനായ ജയ് ഷായും മുഖ്യപരിശീലകൻ ഗൗതം ഗംഭീറും ട്രോഫിയുമായി അഹമ്മദാബാദിലെ ഹനുമാൻ ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തിയത്.
Content Highlights: gautam gambhir replies to kirti azad temple visit with world cup trophy