ടി20 ലോകകപ്പിന്റെ ആദ്യ മത്സരങ്ങളിൽ മലയാളി താരം സഞ്ജു സാംസൺ കളിച്ചിരുന്നില്ല. ടൂർണമെന്റിന് മുന്നോടിയായി നടന്ന ന്യൂസിലന്‍ഡ് പരമ്പരയില്‍ സഞ്ജു ഫോം കണ്ടെത്താന്‍ പ്രയാസപ്പെട്ടിരുന്നു.
ഇതിനെത്തുടര്‍ന്നാണ് ആദ്യ മത്സരങ്ങളില്‍ അഭിഷേക് ശര്‍മയ്ക്കൊപ്പം ഇഷാന് കിഷനെ ഓപ്പണറായി ഇറക്കിയത്. എന്നാല്‍ സഞ്ജുവിനെ ടീമില്‍ നിന്ന് പുറത്താക്കിയതല്ലെന്നും അദ്ദേഹത്തിന് ഒരു വിശ്രമം നല്‍കിയതാണെന്നുമാണ് പരിശീലകൻ ഗൗതം ഗംഭീറിന്റെ ഏറ്റവും പുതിയ പ്രതികരണം. സഞ്ജു സാംസണെ ടീമിലേക്ക് തിരികെ കൊണ്ടുവന്നത് ധീരമായ തീരുമാനത്തേക്കാള്‍ ഒരു തന്ത്രപരമായ നീക്കമായിരുന്നുവെന്ന് ഗംഭീര്‍ പറഞ്ഞു.
'സഞ്ജു ഔട്ട് ഓഫ് ഫോമാണെന്ന് ഞാനും ക്യാപ്റ്റനും ഒരിക്കലും കരുതിയിട്ടില്ല. ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് ശേഷം അദ്ദേഹത്തിന് ഒരു ബ്രേക്ക് ആവശ്യമാണെന്ന് ഞങ്ങള്‍ക്ക് തോന്നി. മാനസികമായി ഒന്ന് ഫ്രഷ് ആയി തിരികെ വരാന്‍ വേണ്ടിയായിരുന്നു അത്. റിങ്കു സിംഗിന് പകരം സഞ്ജുവിനെ അവസാന മൂന്ന് മത്സരങ്ങളില്‍ കളിപ്പിച്ചത് ഒരു ടാക്റ്റിക്കല്‍ മാറ്റമായിരുന്നു. ബാറ്റിംഗ് നിരയുടെ ടോപ്പില്‍ മൂന്ന് സ്ഫോടനാത്മക താരങ്ങള്‍ വേണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അത്.' ഗംഭീര്‍ പറഞ്ഞു.
കളിക്കാരുടെ വ്യക്തിഗത സ്കോറുകളേക്കാള്‍ അവര്‍ പന്തില്‍ ചെലുത്തുന്ന സ്വാധീനത്തിനാണ് പ്രാധാന്യമെന്ന് ഗംഭീര്‍ പറഞ്ഞു. '96 റണ്‍സില്‍ നില്ക്കുമ്പോള് സെഞ്ച്വറി തികയ്ക്കാന്‍ സിംഗിളുകള്‍ എടുത്ത് പന്തുകള്‍ പാഴാക്കരുത്. അടുത്ത പന്ത് സിക്സറടിക്കാനാണ് ശ്രമിക്കേണ്ടത്. അതിനിടെ ഔട്ട് ആയാലും ടീം മാനേജ്മെന്റ് അതിനെ 100 റണ്‍സിന് തുല്യമായി തന്നെ കാണും. കഴിഞ്ഞ ഒന്നര-രണ്ട് വര്‍ഷമായി ഇന്ത്യന്‍ ടീമില്‍ ആരും വ്യക്തിഗത നാഴികക്കല്ലുകള്‍ക്ക് പിന്നാലെ പോയിട്ടില്ല.' ഗംഭീര്‍ ചൂണ്ടിക്കാട്ടി.
ടൂര്‍ണമെന്റിലെ ആദ്യ അഞ്ച് മത്സരങ്ങളില്‍ പുറത്തിരുന്ന സഞ്ജു, സൂപ്പര്‍ എട്ടിലെ സിംബാബ്വെക്കെതിരായ മത്സരത്തിലാണ് ടീമില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് നടന്ന നിര്‍ണ്ണായക മത്സരങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ധസെഞ്ച്വറികള്‍ നേടിയ സഞ്ജു ടൂര്‍ണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Content Highlights:gautam gambhir reveals reason for excluding-sanju samson