'നീ തന്നെയാടാ നമ്മുടെ ഹീറോ'; സഞ്ജു സാംസണെ പുകഴ്ത്തി വിരാട് കോഹ്‌ലി

ടി20 ലോകകപ്പില്‍ ഇന്ത്യ, ന്യൂസിലൻഡിനെ തകര്‍ത്ത് മൂന്നാം കിരീടം നേടിയിരിക്കുകയാണ്

ടി20 ലോകകപ്പില്‍ ഇന്ത്യ, ന്യൂസിലൻഡിനെ തകര്‍ത്ത് മൂന്നാം കിരീടം നേടിയിരിക്കുകയാണ്. ഇന്ത്യ കിരീടം നേടിയ ലോകകപ്പിൽ താരമായത് മലയാളി താരം സഞ്ജു സാംസണായിരുന്നു. വെറും അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് മൂന്ന് അര്‍ധസെഞ്ചുറി ഉള്‍പ്പെടെ 321 റണ്‍സടിച്ചാണ് ലോകകപ്പിന്‍റെ താരമായത്.

ഇപ്പോഴിതാ കിരീട നേട്ടത്തിനുശേഷം സഞ്ജുവിനെ അഭിനന്ദിച്ച് വിരാട് കോഹ്‌ലിയിട്ട ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ശ്രദ്ധേയമാകുന്നത്, ടൂർണമെന്‍റിന്‍റെ താരമാകാന്‍ ഏറ്റവും അർഹനായ സഞ്ജു സാംസൺ അതിശയിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ടീമിന് ഏറ്റവും ആവശ്യമുള്ള ഘട്ടത്തിൽ തന്നെ നീ അവസരത്തിനൊത്തുയര്‍ന്ന് മികച്ച പ്രകടനം പുറത്തെടുത്തു. നിന്‍റെ നേട്ടത്തിൽ ഒരുപാട് സന്തോഷം, ചേട്ടാ എന്നായിരുന്നു കോഹ്‌ലി ഇന്‍സ്റ്റഗ്രാ സ്റ്റോറിയായി കുറിച്ചത്.

ടി20 ലോക കപ്പ് ഫൈനലിലും സെമിയിലും വെര്‍ച്വല്‍ ക്വാര്‍ട്ടര്‍ ഫൈനലായി മാറിയ വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന സൂപ്പര്‍ 8 മത്സരത്തിലും ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു സഞ്ജു. ലോകകപ്പ് റണ്‍വേട്ടയില്‍ വെറും അഞ്ച് മത്സരങ്ങള്‍ കളിച്ചാണ് 321 റണ്‍സുമായി സഞ്ജു ഇന്ത്യയുടെ ടോപ് സ്കോററായത്.

ടി20 ലോകകപ്പിൽ മൂന്നാം കിരീടം നേടിയ ഇന്ത്യൻ ടീമിനെ എക്സ് പോസ്റ്റില്‍ കോലി അഭിനന്ദിച്ചിരുന്നു.അഹമ്മദാബാദിൽ ഉജ്ജ്വല വിജയവുമായി ഇന്ത്യ ചാമ്പ്യൻമാരായിരിക്കുന്നു. ടൂർണമെന്‍റിലുടനീളം നമ്മൾ കാഴ്ചവെച്ച ആക്രമണ ക്രിക്കറ്റിന് മുന്നിൽ എതിരാളികൾക്ക് മറുപടിയുണ്ടായിരുന്നില്ല. കഠിനമായ സാഹചര്യങ്ങളിലും പതറാതെ പോരാടാനും വീണ്ടും ലോകജേതാക്കളാകാനും നമ്മുടെ താരങ്ങള്‍ കാട്ടിയ മനക്കരുത്ത് അതിശയിപ്പിക്കുന്നതാണ്. ഈ നേട്ടം കൈവരിച്ച എല്ലാ കളിക്കാർക്കും മാനേജ്‌മെന്‍റിലെ എല്ലാ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ. ജയ് ഹിന്ദ് എന്നായിരുന്നു കോഹ്‌ലി കുറിച്ചത്.

Content Highlights: virat-kohli-praises-sanju-samson-world-cup-success-t20-2026

To advertise here,contact us