'അഭിഷേകിനെ എന്തുകൊണ്ട് ടീം നിലനിർത്തി?'; മനസ് തുറന്ന് ​ഗൗതം ​ഗംഭീർ

ഫോം കണ്ടെത്താനാവാതെ ബുദ്ധിമുട്ടിയിരുന്ന അഭിഷേകിന് ടീം മാനേജ്മെന്റ് നിരന്തരം അവസരങ്ങൾ നൽകിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു

2026 ടി20 ലോകകപ്പിലുടനീളം പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിയാതിരുന്ന ഓപ്പണർ അഭിഷേക് ശർമയെ എന്തുകൊണ്ടാണ് ടീം പിന്തുണച്ചതെന്ന് വ്യക്തമാക്കി ഇന്ത്യൻ ഹെഡ് കോച്ച് ​ഗൗതം ​ഗംഭീർ. ടൂർണമെന്റിൽ ഫോം കണ്ടെത്താനാവാതെ ബുദ്ധിമുട്ടിയിരുന്ന അഭിഷേകിന് ടീം മാനേജ്മെന്റ് നിരന്തരം അവസരങ്ങൾ നൽകിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോൾ‌ ഇന്ത്യ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ ഈ തീരുമാനത്തിന് പിന്നിലെ കൃത്യമായ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍.

റൺസിനപ്പുറം ഒരു കളിക്കാരന്‍ ടീമിലുണ്ടാക്കുന്ന സ്വാധീനത്തിനും വിശ്വാസത്തിനുമാണ് തങ്ങള്‍ മുന്‍ഗണന നല്‍കിയതെന്നാണ് ഗംഭീര്‍ വ്യക്തമാക്കിയത്. 20 പന്തില്‍ 20 റണ്‍സ് എടുക്കുന്നതിനേക്കാള്‍ ആക്രമിച്ചു കളിച്ച് പുറത്താകുന്നതിനെയാണ് ഒരു പരിശീലകന്‍ എന്ന നിലയില്‍ താന്‍ ഇഷ്ടപ്പെടുന്നതെന്നും കൂടുതല്‍ അ​ഗ്രസീവായി കളിക്കണമെന്ന് മാത്രമാണ് താൻ അഭിഷേകിന് നൽകിയ നിര്‍ദ്ദേശമെന്നും ഗംഭീര്‍ പറഞ്ഞു.

'പ്രതീക്ഷയുടെ പേരിലല്ല മറിച്ച് വിശ്വാസത്തിന്റെയും ഉറപ്പിന്റെയും പുറത്താണ് ഒരു കളിക്കാരനെ തെരഞ്ഞെടുക്കുന്നത്. അത്തരത്തില്‍ ഒരാളെ കണ്ടെടുത്താല്‍, നാലോ അഞ്ചോ മത്സരങ്ങളില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ ആ വിശ്വാസം തള്ളിക്കളയാനാവില്ല. അഭിഷേക് ആയാലും മറ്റ് 15 പേരായാലും അവര്‍ക്ക് പൂര്‍ണ പിന്തുണ ഞങ്ങള്‍ നല്‍കും', ഗംഭീര്‍ പറഞ്ഞു.

Content Highlights: Gautam Gambhir explains why India continued backing Abhishek Sharma during T20 World Cup

To advertise here,contact us