'സാംസൺ'ഡേ; കിവികളെ വീഴ്ത്തി ഇന്ത്യയ്ക്ക് മൂന്നാം ടി 20 ലോക കിരീടം

തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ടി20 ലോകകപ്പ് ചാമ്പ്യന്മാരാവുന്നത്

2026 ടി20 ലോകകപ്പില്‍ ഇന്ത്യ ചാമ്പ്യന്‍സ്. ന്യൂസിലന്‍ഡിനെ 96 റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ കിരീടം നിലനിര്‍ത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ന്യൂസിലന്‍ഡ് 19 ഓവറില്‍ 159 റണ്‍സിന് ഓള്‍ഔട്ടായി. ടി20 ലോകകപ്പില്‍ ഇന്ത്യ ഉയര്‍ത്തുന്ന മൂന്നാം കിരീടമാണിത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ടി20 ലോകകപ്പ് ചാമ്പ്യന്മാരാവുന്നത്. ഇതോടെ ടി20 ലോകകിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന ചരിത്ര നേട്ടവും ഇന്ത്യ സ്വന്തമാക്കി.

സെഞ്ചറിക്കരികെ വീണ്ടും വീണെങ്കിലും തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സഞ്ജു സാംസണ്‍ (46 പന്തില്‍ 89) ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി ഇഷാന്‍ കിഷന്‍ (25 പന്തില്‍ 54), അഭിഷേക് ശര്‍മ (21 പന്തില്‍ 52) എന്നിവരും അര്‍ധസെഞ്ച്വറി നേടി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ശിവം ദുബെയാണ് (8 പന്തില്‍ 26) ഇന്ത്യന്‍ സ്‌കോര്‍ 250 കടത്തിയത്. രണ്ടു സിക്‌സും മൂന്നു ഫോറും സഹിതം 24 റണ്‍സാണ് 20ാം ഓവറില്‍ ദുബെ അടിച്ചുകൂട്ടിയത്.

മറുപടി ബാറ്റിങ്ങിൽ സെമിഫൈനലിലെ സെഞ്ചറി വീരനായ ഓപ്പണര്‍ ഫിന്‍ ഇലന്‍ (7 പന്തില്‍ 9), രചിന്‍ രവീന്ദ്ര (2 പന്തില്‍ 1), ഗ്ലെന്‍ ഫിലിപ്‌സ് (5 പന്തില്‍ 5) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിനു തുടക്കത്തില്‍ തന്നെ നഷ്ടമായത്. 26 പന്തിൽ 52 റൺസുമായി ടിം സെയ്ഫർട്ട്, 43 റൺസുമായി മിച്ചൽ സാന്റ്നർ എന്നിവർ മാത്രമാണ് തിളങ്ങിയത്.

Content Highlights: T20 World Cup 2026: ​India beats New Zealnd and clinch 3rd Title

To advertise here,contact us