ടി20 ലോകകപ്പ് പോരാട്ടത്തിന്റെ ഫൈനല്‍ അരങ്ങേറാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ നിര്‍ണായക നിര്‍ദ്ദേശവുമായി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്ക്കർ. ഇന്ത്യ ഫൈനലിനു ഇറങ്ങുമ്പോള്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ ഒഴിവാക്കണം എന്നാണ് ഗാവസ്കര്‍ പറയുന്നത്. ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ കലാശപ്പോരിലെ എതിരാളികള്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.
ടൂര്‍ണമെന്റില്‍ പരിതാപകരമായാണ് അഭിഷേക് ബാറ്റ് ചെയ്തത്. ഒറ്റ കളിയില്‍ മാത്രമാണ് താരം മികവ് പുലര്‍ത്തിയത്. സിംബാബ്വെക്കെതിരെ നേടിയ 55 റണ്‍സ് മാത്രമാണ് മികച്ച പ്രകടനം.
'അഭിഷേകിനെ ഒഴിവാക്കിയുള്ള ഇലവനായിരിക്കും ഫൈനലില്‍ ഇന്ത്യക്ക് നല്ലത്. കുറച്ച് കഠിനമായ കാര്യമാണ് ഞാന്‍ പറയുന്നത്. ലോകത്തെ ഒന്നാം നമ്പര്‍ ബാറ്ററെ ഫൈനലില്‍ ഒഴിവാക്കുക എളുപ്പമല്ല. പക്ഷേ ഇത്രയും അവസരം കിട്ടിയിട്ടും പുറത്താകുന്നതില്‍ അഭിഷേക് ഒരു പാഠവും പഠിച്ചിട്ടില്ല.'
'ഒരേ രീതിയിലാണ് അദ്ദേഹം പുറത്താകുന്നത്. ബൗളര്‍മാര്‍ ഈ പോരായ്മ മുതലെടുത്തു അദ്ദേഹത്തെ വെട്ടിലാക്കുന്നു. എന്നിട്ടും അദ്ദേഹം സമീപനത്തില്‍ മാറ്റം വരുത്തുന്നില്ല എന്നതാണ് ഇക്കാര്യത്തിലെ എന്റെ ആശങ്ക.' നേരത്തെ മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫും അഭിഷേകിനെ ഫൈനലിലെ പ്ലെയിങ് ഇലവനില്‍ നിന്നു മാറ്റി നിര്‍ത്തണമെന്നു ആവശ്യപ്പെട്ടിരുന്നു. താരത്തിനു വിശ്രമം നല്‍കണമെന്നാണ് കൈഫ് പറഞ്ഞത്.
Content Highlights: sunil gavaskar suggest -sanju samson ishan kishan opening t20 world cup final