ടി20 ലോകകപ്പ് ആരംഭിക്കും മുന്‍പ് ഇന്ത്യയുടെ പ്രധാന ആയുധമാകുക വരുണ്‍ ചക്രവര്‍ത്തിയുടെ സ്പിന്നായിരിക്കുമെന്നു ക്രിക്കറ്റ് വിദഗ്ധരെല്ലാം ഒരുപോലെ അഭിപ്രായപ്പെട്ടിരുന്നു. ടൂര്‍ണമെന്റ് പാതി ദൂരം പിന്നിട്ടപ്പോള്‍ അക്കാര്യം സത്യമാണെന്നു തെളിയുകയും ചെയ്തു. ലോക ഒന്നാം നമ്പര്‍ ടി20 ബൗളറെന്ന പെരുമയ്ക്കൊത്ത പ്രകടനമാണ് താരം പുറത്തെടുത്തത്.
ഗ്രൂപ്പ് ഘട്ടത്തിൽ നാല് മത്സരങ്ങളിൽ അഞ്ചിന് താഴെ ഇക്കോണമിയിൽ ഒമ്പത് വിക്കറ്റെടുത്ത താരം അതിന് ശേഷം 12 ന് മേലെ ഇക്കോണമിയിലാണ് റൺസ് വിട്ടുകൊടുത്തിട്ടുള്ളത്. നേടിയത് നാല് വിക്കറ്റുകൾ മാത്രവും.
എന്നാല്‍ സൂപ്പര്‍ എട്ടിലെ മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെ കഥ മാറി. ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ പോരാട്ടത്തില്‍ താരത്തിന്റെ സ്പിന്നിനു ഇടിവ് സംഭവിച്ചു. ഇംഗ്ലണ്ടിനെതിരായ സെമിയില്‍ താരം സമീപകാലത്തെ തന്നെ ഏറ്റവും മോശം ഫോമിലാണ് പന്തെറിഞ്ഞത്. 4 ഓവറില്‍ 64 റണ്‍സാണ് വരുണ്‍ വഴങ്ങിയത്. ഒരു വിക്കറ്റെടുത്തെങ്കിലും ജേക്കബ് ബേതേല്‍ ഹാട്രിക്ക് സിക്സാണ് താരത്തിന്റെ ഓവറില്‍ തൂക്കിയത്. ഫൈനലില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ വലിയ തലവേദനയായി വരുണിന്റെ ഫോം മാറിയ നിലയാണ്.
നിലവില്‍ ഈ ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരങ്ങളുടെ പട്ടികയില്‍ 13 വിക്കറ്റുമായി വരുണ്‍ മുന്നിലുണ്ട്. പക്ഷേ അവസാന മൂന്ന് മത്സരങ്ങളില്‍ താരത്തിന്റെ ബൗളിങില്‍ സംഭവിച്ച ഇടിവ് നിര്‍ണായക പോരിനിറങ്ങുന്ന ഇന്ത്യ കാര്യമായി പരിഗണിക്കേണ്ട പ്രശ്നമായി മാറി.
ഈ ലോകകപ്പില്‍ ഒരു കളി മാത്രം കളിച്ച സ്പെഷലിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവ് ബഞ്ചിലിരിക്കുന്നുണ്ട്. പാകിസ്ഥാനെതിരായ പോരാട്ടത്തിലാണ് കുല്‍ദീപ് കളിച്ചത്. 4 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത് കുല്‍ദീപ് മികവ് അടയാളപ്പെടുത്തുകയും ചെയ്തു. താരത്തെ വരുണിനു പകരം കളിപ്പിക്കാന്‍ ടീം തയ്യാറാകുമോ എന്നാണ് അറിയേണ്ടത്.
Content Highlights: varun chakravarthy form concern india t2 -world cup final