ലോകകപ്പ് തോല്‍വിക്ക് ശേഷം പാകിസ്താൻ ക്രിക്കറ്റില്‍ പൊട്ടിത്തെറി; കോച്ചിനെതിരെ താരങ്ങള്‍ രംഗത്ത്‌

ബാബർ അസം ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ ഹെസനെ മാറ്റണമെന്ന കർക്കശമായ ആവശ്യം മുന്നോട്ടുവെച്ചിരിക്കുകയാണ്

2026 ടി20 ലോകകപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ പാകിസ്താൻ ക്രിക്കറ്റിൽ പൊട്ടിത്തെറി. പാകിസ്താന്റെ ഹെഡ് കോച്ച് മൈക്ക് ഹെസനെതിരെ പാക് താരങ്ങൾ പരസ്യമായി രം​ഗത്തെത്തിയിരിക്കുകയാണ്. ടീമിലെ മുതിർന്ന താരങ്ങൾ ഉൾപ്പെടെയുള്ളവർ പരിശീലകന്റെ പ്രവർത്തനശൈലിയിൽ അതൃപ്തി രേഖപ്പെടുത്തി പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ (പിസിബി) സമീപിച്ചിരിക്കുകയാണ്.

ലോകകപ്പിലെ ദയനീയ പ്രകടനത്തിന് കാരണം ഹെസന്റെ തന്ത്രങ്ങളിലെ പിഴവാണെന്നും ഡ്രസ്സിംഗ് റൂമിൽ താരങ്ങൾക്കിടയിൽ വലിയ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. സൂപ്പർ 8 ഘട്ടത്തിൽ പുറത്തായ പാകിസ്താൻ ക്രിക്കറ്റ് ടീമിൽ ഗ്രൂപ്പിസം ശക്തമാണെന്ന ആരോപണങ്ങൾ ശരിവെക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ.

താരങ്ങളുടെ വ്യക്തിപരമായ പ്രകടനങ്ങളെ കോച്ച് ഹെസൻ വിമർശിക്കുന്നതായും ടീം സെലക്ഷനിൽ ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കുന്നതായും കളിക്കാർ പരാതിപ്പെട്ടു. മുൻപ് ന്യൂസിലാൻഡ് ടീമിനെ പരിശീലിപ്പിച്ചിട്ടുള്ള ഹെസനെ വലിയ പ്രതീക്ഷയോടെയാണ് പാകിസ്താൻ ടീമിലെത്തിച്ചത്. എന്നാൽ ലോകകപ്പിലെ തകർച്ചയോടെ പരിശീലകനും താരങ്ങളും തമ്മിലുള്ള ബന്ധം പൂർണ്ണമായും വഷളായിരിക്കുകയാണ്.

ബാബർ അസം ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ ഹെസനെ മാറ്റണമെന്ന കർക്കശമായ ആവശ്യം മുന്നോട്ടുവെച്ചിരിക്കുകയാണ്. പാക് ക്രിക്കറ്റ് ബോർഡ് ചെയർമാനുമായി താരങ്ങൾ ഉടൻ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ലോകകപ്പിൽ ഇന്ത്യയോട് വഴങ്ങേണ്ടിവന്ന നാണംകെട്ട തോൽവിയും ദുർബലരായ ടീമുകൾക്കെതിരെയുള്ള പരാജയവും പാക് ആരാധകരെയും പ്രകോപിപ്പിച്ചിട്ടുണ്ട്.

Content Highlights: Pakistan Players Complain Against Coach Mike Hesson after T20 World Cup debacle

To advertise here,contact us